ലാവോസിനെ വിഴുങ്ങിയ അണക്കെട്ട്

അണക്കെട്ടുകളുടെ സുരക്ഷ ചര്‍ച്ചയാവുന്ന കാലത്ത് ഒരു അണക്കെട്ട് എങ്ങനെയാണ് ലാവോസ് എന്ന കുഞ്ഞന്‍ രാജ്യത്തെ വെള്ളത്തിനടിയിലാക്കിയത് എന്ന് നോക്കാം. നിമിഷ നേരം കൊണ്ടാണ് അട്ടപ്പൂ പ്രവിശ്യ ദുരന്തഭൂമിയായത്. വമ്പന്‍ ജലവൈദ്യുതപദ്ധതി അപകടഭീഷണി ഉയര്‍ത്തിയതോടെ പരമാവധി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു ലാവോസ് സര്‍ക്കാര്‍. എന്നിട്ടും അണകെട്ടി നിര്‍ത്തിയ വെള്ളം വിതച്ച ദുരന്തം എത്ര വലുതായിരിുന്നെന്ന് കാണുക.

ദക്ഷിണ പൂര്‍വേഷ്യയി്ലെ ചെറുരാജ്യമാണ് ലാവോസ്. കൃഷിയാണ് പ്രധാനവരുമാന മാര്‍ഗമെങ്കിലും വിവിധ ജലവൈദ്യുതപദ്ധതികളിലൂടെ വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ച് അയല്‍ രാജ്യങ്ങള്‍ക്ക് വൈദ്യുതി വിറ്റ്2025 ഓടെ വരുമാനം ഇരട്ടിയാക്കാനുള്ള  ശ്രമത്തിലാണ് ലാവോസ് സര്‍ക്കാര്‍. ഏഷ്യയിലെ പ്രധാന വൈദ്യുതോല്‍പാദകരാവുക എന്നതാണ് ലക്ഷ്യം. ഇതില്‍  പ്രധാനപ്പെട്ടതായിരുന്നു അട്ടപ്പൂ പ്രവിശ്യയിലെ സെ പിയാന്‍  സെ നംനോയ് വൈദ്യുതപദ്ധതി . മൂന്ന് നദികളുടെ സംഗമമായ മെകോങ്ങ് നദിക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മിക്കുന്നത്. ലാവോസ് സര്‍ക്കാരും , തായ്, ദക്ഷിണകൊറിയന്‍ കമ്പനികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് പ്രധാന അണക്കെട്ടുകളും 5 ചെറു അണക്കെട്ടുകളും ചേര്‍ന്നതാണ് പദ്ധതി. പണിപൂര്‍ത്തിയായി വരുന്നതിനിടെ ഞായറാഴ്ചയാണ് അണക്കെത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയത്. നിര്‍മാണചുമതലയുള്ള ദക്ഷിണകൊറിയന്‍ കമ്പനി അറ്റകുറ്റപ്പണികള്‍ തുടങ്ങി. വെള്ളമൊഴുകാവുന്ന വഴികളിലെല്ലാം നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. അറ്റകുറ്റപ്പണികള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗസ്ഥര്‍. പക്ഷേ അപ്രതീക്ഷിതമായി പെയ്ത മഴ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. പ്രധാന അണക്കെട്ടായ സെ നാംനോയില്‍ നിന്ന് വെള്ളം മെല്ലെ പുറത്തേയ്ക്ക് വിട്ട് ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമം തുടങ്ങി. തിങ്കളാഴ്ച രാവിലെ മുതല്‍ അപകടമേഖലയില്‍ നി്നന് പരമാവധി ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. വൈകുന്നേരത്തോടെ ഉഗ്രശബ്ദത്തോടെ  ചെറു അണക്കെട്ടുകളിലൊന്ന് തകര്‍ന്നു വീണു. അതിശക്തമായ ജലപ്രവാഹം ആറു ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങി. 17000 കോടി ഘനയടി വെള്ളമാണ് ഒറ്റയടിക്ക് പ്രവഹിച്ചത്. അരമണിക്കൂറിനുള്ളില്‍ മുപ്പതടിയിലേറെ വെള്ളം ഗ്രാമങ്ങളെ മൂടി.  വ്യാപകമായ തയാറെടുപ്പുക ഷവും മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം ആളുകളെ കാണാതായി. മൂവായിരം ആളുകള്‍ ഭവനരഹിതരായി . കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. 

തായ്്്ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തകര്‍ ലാവോസിലും പറന്നെത്തി. കലങ്ങി മറിഞ്ഞെത്തിയ ജലപ്രവാഹത്തില്‍ പെട്ടുപോയ കൊച്ചുകുട്ടികളടക്കമുള്ളവരെ അതിസാഹസികമായി രക്ഷപെടുത്തി. വന്‍മരങ്ങളും കെട്ടിടങ്ങളുമെല്ലാം തൂത്തുവാരിക്കൊണ്ടു വന്ന വെള്ളത്തില്‍ നിന്ന് മനുഷ്യരെ രക്ഷപെടുത്താന്‍ കഠിനപ്രയത്നം തന്നെ വേണ്ടി വന്നു ദൗത്യസംഘത്തിന്. കനത്ത മഴ പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. മേല്‍ക്കൂരകള്‍ക്ക് മുകളില്‍ കയറിയിരുന്നും മരങ്ങളില്‍  പിടിച്ചു കയറിയും രക്ഷപെടാന്‍ ശ്രമിച്ചു ആളുകള്‍. 

തായ്ലന്‍ഡിന് പുറമെ ചൈനയും വിയറ്റ്നാമും രക്ഷാദൗത്യത്തില്‍ പങ്കു ചേര്‍ന്നു. അണക്കെട്ട് ദുരന്തം പതിനോരായിരത്തി മുപ്പത്തിനാല് ആളുകളെ ബാധിച്ചെന്ന് യുഎന്‍ കണക്കുകള്‍ പറയുന്നു. വലിയ പ്രത്യാഘാതങ്ങളേറ്റുവാങ്ങിയ സനാംസായി പ്രവിശ്യയില്‍ മാത്രം 3060 പേര്‍ക്ക് വീടുകള്‍ നഷ്ടമായി, പത്തൊമ്പത് പേര്‍ കൊല്ലപ്പട്ടു, 131 പേരെ കാണാതായി. 6400 പേര്‍ ദുരിതാശ്വാസ ക്യാംപുകളെ ആശ്രയിച്ച് കഴിയുന്നു. അണക്കെട്ട് തകരുന്ന ശബ്ദം കേട്ട് ഭയാശങ്കയില്‍ മനോനില തെറ്റിയവരും നിരവധി. അയല്‍രാജ്യമായ കമ്പോഡിയ പോലും ദുരന്തഭൂമിയായി. അപകടത്തിന്‍റെ ഉത്തരവാദിത്തില്‍ നിന്ന് ദക്ഷിണകൊറിയന്‍  നിര്‍മാണകമ്പനിക്ക് ഒഴിയാനാവില്ലെന്ന് ലാവോസ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.  നിര്‍മാണത്തിലെ പാളിച്ചകളാണ്  വന്‍ ദുരന്ത്തിന് ഇടയാക്കിയത്. എന്നാല്‍ നിര്‍മാണ കമ്പനിയായ എസ് കെ എന്‍ജിനിയറിങ്  ഈ ആരോപണം നിഷേധിച്ചു. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് അണക്കെട്ടിനെ ദുര്‍ബലമാക്കിയെതന്നാണ് കമ്പനിയുടെ വാദം.  പക്ഷേ അണക്കെട്ട് ദുര്‍ബലമാവുന്നത് മനസിലാക്ക

ിയിരുന്നെന്ന് അവര്‍ സമ്മതിക്കുന്നു. സര്‍ക്കാരിന് 25 ശതമാനം ഓഹരിയുള്ള പദ്ധതിയില്‍ സംഭവിച്ചതെന്തെന്ന് സ്വതന്ത്രാന്വേഷണം നടക്കില്ലെന്നുറപ്പ്. കാരണമെന്തു തന്നെയായാലും പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലുണ്ടായ അപകടം ഒരു ജനതയുടെ  ജീവിത സ്വപ്നങ്ങളാണ് തൂത്തെറിഞ്ഞത്.

അട്ടപ്പൂ ദുരന്തം ലാവോസ് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. ചെറുരാജ്യത്ത് ഇത്രയധികം ജലവൈദ്യുത പദ്ധതികള്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും അണക്കെട്ടുകളെക്കുറിച്ച് പഠിച്ച വിദഗ്ധരും പലതവണ മുന്നറിയിപ്പ് നല്‍കിതാണ്. പക്ഷേ ധനസമ്പാദനത്തിലുള്ള ആര്‍ത്തിയില്‍ ലാവോസിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. പ്രകൃതിയെ വെല്ലുവിളിച്ചതിന് വന്‍ വില നല്‍കേണ്ടി വന്നത് അന്നാട്ടിലെ സാധാരണക്കാരും. 

ലാവോസ് സര്‍ക്കാരിന്‍റെ ധനമോഹം ആ രാജ്യത്തെ അണക്കെടുകള്‍ കൊണ്ട് നിറയ്ക്കുകയാണ്. എല്ലാ നദികളുടെയും ഗതി തടസപ്പെടുത്തുന്ന കൂറ്റന്‍ നിര്‍മാണങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ പുരോഗമിക്കുന്നു. പൂര്‍ണപ്രവര്‍ത്തസജ്ജമായ 46 ജലവൈദ്യുതപദ്ധതികള്‍ രാജ്യത്തുണ്ട്. 54 എണ്ണം നിര്‍മാണഘട്ടത്തിലാണ്. ഭരണകക്ഷിയായ  ലാവോ പീപ്പിള്‍സ് പാര്‍ട്ടിയുടെ പണക്കൊതിയുടെയും അധികാര ദുര്‍വിന്യോഗത്തിന്‍റെയും ഉത്തമോദാഹരണമാണ് തകര്‍ന്നു വീണ സെ പിയാന്‍ സെ നംനോയ് അണക്കെട്ട്. രാജ്യത്തെ പ്രകതി സമ്പത്ത് ഇഷ്ടം പോലെ ചൂഷണം ചെയ്യാന്‍ വിദേശ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്തിന്‍റെ ഫലം. ലാവോസ് സര്‍ക്കാരിലെ വമ്പന്‍മാര്‍ രാജ്യത്തെ ഒറ്റുകൊടുത്ത് പണമുണ്ടാക്കിയപ്പോള്‍ ദരിദ്രരില്‍ ദരിദ്രരായ ജനം പെരുവഴിയിലായി. എസ്.കെ എന്‍ജിനിയറങ്ങിനെപ്പോലെ സാധാരണക്കാരുടെ ജീവന് പുല്ലുവില കൊടുക്കുന്ന വിദേശകമ്പനികളെ  മുന്‍പിന്‍ നോക്കാതെ രാജ്യത്തേക്ക് ക്ഷണിച്ചുവരുത്തുന്നത് സര്‍ക്കാര്‍ തന്നെയാണ്. തലമുറകളായി വിദേശികളുടെ ചൂഷണത്തിന് ഇരയായ രാജ്യമാണ് ഈ നിലപാടടെുക്കുന്നതെന്നും ഒാര്‍ക്കണം. വിയറ്റ്നാം യുദ്ധകാലത്ത് ബോംബുകളുടെ കലവറയായിരുന്ന ലാവോസ് അമേരിക്കയുടെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു. 

1975ല്‍ അധികാരത്തിലേറിയതുമുതല്‍ ഭൂമിയുള്‍പ്പെടെ പ്രകൃതി നല്‍കിയതെല്ലാം ഒരു വീണ്ടുവിചാരവുമിില്ലാതെ വിദേശികള്‍ക്ക് നല്‍കുന്നതാണ് പീപ്പിള്‍സ് പാര്‍ട്ടിയുടെ രീതി. ചൈന, തായ്ലന്‍ഡ് , ദക്ഷിണ കൊറിയ, വിയറ്റ്നാം തുടങ്ങി വിവിധരാജ്യങ്ങള്‍ ലാവോസിന്‍റെ തടി മുതല്‍ ധാതുസമ്പത്ത്  വരെ സ്വന്തമാക്കുന്നു. പലയിടത്തും പാവപ്പെട്ടവരുടെ ഭൂമി വന്‍കിട വിദേശകമ്പനികള്‍ കയ്യേറിയിട്ടും സര്‍ക്കാര്‍ കണ്ണടച്ചു.   ഏഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന   ചൈനയുടെ വമ്പന്‍ പദ്ധതിക്കുവേണ്ടി  ലാവോസില്‍ നിര്‍മിക്കുന്നത് നൂറുകണക്കിന് ടണലുകളും പാലങ്ങളുമാണ്. 1990കളിലെ സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് മറികടക്കാനുള്ള എളുപ്പമാര്ഗമായാണ് വൈദ്്യുതോല്‍പാദനവും വില്‍പനയും സര്‍ക്കാര്‍ കണ്ടത്. പിന്നീടങ്ങോട്ട് പദ്ധതികളുടെ പ്രവാഹമായി. ആദ്യം ലോകബാങ്കും വിദഗ്ധ ഏജന്‍സികളും മാത്രമാണ് അണക്കെട്ട് നിര്‍മാമത്തിന് സഹായിച്ചിരുന്നതെങ്കില്‍ പിന്നീടത് വമ്പന്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിമാറി. ദക്ഷിണ പൂര്‍വേഷ്യയുടെ ബാറ്ററി ആയി മാറുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രകൃതി ചൂഷണം നിയന്ത്രണാതീതമായതോടെ രാജ്യത്തെ ധനികര്‍ കൂടുതല്‍ ധനികരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായി. 

 പ്രദേശത്തെ സാധാരണ ജനതയെ വെല്ലുവിളിച്ചുകൊണ്ടു തന്നെയായിരുന്നു അട്ടപ്പൂ പദ്ധതിയും തുടങ്ങിയത്. വന്‍ തോതിലുള്ള വനനശീകരണവും കുന്നിടിയക്കലും വേണ്ടി വന്നു പദ്ധതിക്ക്, നദികളുെട ഗതി തിരിച്ചുവിട്ടു , പലതും നിര്‍മാണസാമഗ്രികളിലെ രാസപദാര്‍ഥങ്ങള്‍ നിറഞ്ഞ് മലീമസമായി. അങ്ങുമിങ്ങും ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടായതൊഴിച്ചാല്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ ധൈര്യമുള്ളവര്‍ അന്നാട്ടിലില്ലായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കുള്ള രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളും ഈ കൊള്ളയ്ക്കെതിരെ മൗനം പാലിച്ചു. ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചുകാണിക്കാനുള്ള ശ്രമവും ഉണ്ടായി. മരണസംഖ്യ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവിടുന്ന കണക്കുകളും ശരിയാണോയെന്ന് രാജ്യാന്തര നിരീക്ഷകര്‍ക്ക് സംശയമുണ്ട്. ദുരിതബാധിതര്‍ക്ക് വന്‍ തോതില്‍ ധനസഹായം നല്‍കി വായടപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അട്ടപ്പൂ ദുരന്തം പ്രകൃതിചൂഷണത്തില്‍ നിന്ന് ലാവോസ് സര്‍ക്കാരിനെ പിന്തിരിപ്പിക്കെല്ലന്നര്‍ഥം.