സിറിയയില്‍ സ്കൂളിൽ അഭയം തേടിയ 15 കുട്ടികള്‍ കൂടി കൊല്ലപ്പെട്ടു

സിറിയയില്‍ സ്കൂളുകൾക്ക് മുകളിലുണ്ടായ വ്യോമാക്രമണത്തിൽ 15 കുട്ടികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ ഗ്വാട്ടയിലെ സ്കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. പ്രസി‍ഡന്റ് ബഷർ അൽ അസദിന്റെ സൈന്യം ഈ പ്രദേശം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ ആക്രമണത്തിലാണ് കുരുന്നുകൾ മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 
പുതിയ ഫെയ്സ് ബുക്ക് വീഡിയോകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റഷ്യൻ യുദ്ധ വിമാനങ്ങളാണ് കിഴക്കൻ ഗ്വാട്ടയിലെ സ്കൂളുകൾക്ക് മുകളിലൂടെ പറന്നതെന്ന് സന്നദ്ധ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് അറിയിച്ചു. ആഭ്യന്തര യുദ്ധത്തിൽ പാർപ്പിടം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ സ്കൂളുകളിലും ആരാധനാലയങ്ങളിലും അഭയം തേടിയിരുന്നു. ഇങ്ങനെ സ്കൂളിൽ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്. 

രാത്രിയിൽ ആഭ്യന്തര വിമാനങ്ങൾ സിറിയയുടെ ആകാശത്ത് പറക്കാറില്ല, പക്ഷെ റഷ്യൻ യുദ്ധ വിമാനങ്ങൾ രാത്രിയിലും പറക്കാറുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുടെ കൂട്ടക്കുരുതിക്ക് പിന്നില്‍ റഷ്യയ്ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ചില നിരീക്ഷകര്‍ വിലയിരുത്തി. കിഴക്കൻ ഗ്വാട്ടയിൽ ഒടുവിലുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകൽ കൊല്ലപ്പെട്ടിരുന്നു. അമ്പതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിമതരുടെ സ്വാധീനമുള്ള പ്രദേശം പിടിച്ചെടുക്കാൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് റഷ്യയുടെ സഹായം തേടിയിരുന്നു. ഒരുമാസം മുൻപാണ് റഷ്യയുടെ സഹായത്തോടെ വിമതരിൽ നിന്ന് പിടിച്ചെടുത്തത്. 

2012 മുതൽ വിമതരുടെ കൈവശമായിരുന്നു കിഴക്കൻ ഗ്വാട്ട. ഭീകരവും മനഃസാക്ഷിയെ നടുക്കുന്നതുമായി ഗ്വാട്ടയിലെ കാഴ്ചകൾ. കുഞ്ഞുങ്ങളുടെ മൃതദേഹമാണ് എവിടെ നോക്കിയാലും കണ്ടിരുന്നതെന്നും നിരീക്ഷകർ പറയുന്നു. സ്കൂളുകൾ ആക്രമിക്കില്ലെന്ന് കരുതിയാണ് ജനങ്ങള്‍ അഭയം തേടിയത്. പക്ഷേ, രാത്രിയുണ്ടായ ആക്രമണത്തിൽ സ്കൂൾ തകരുകയായിരുന്നു. കുട്ടികളെ പോലും ഭീകരരായി മുദ്രകുത്തിയാണ് അസദിന്റെ സേന റഷ്യൻ സഹായത്തോടെ ഇവിടെ ആക്രമണം നടത്തിയത്.