അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് എഫ്ബിഐ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് എഫ്ബിഐ.  13 റഷ്യന്‍ പൗരന്‍മാര്‍ക്കും മൂന്നു റഷ്യൻ കമ്പനികള്‍ക്കുമെതിരെ എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ റോബര്‍ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.  ഗൂഡാലോചന, ആള്‍മാറാട്ടം തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് 37 പേജുള്ള കുറ്റപത്രത്തില്‍ അടങ്ങിയിരിക്കുന്നത്.

റഷ്യന്‍ പൗരന്‍മാര്‍ ആള്‍മാറാട്ടം നടത്തി സാമ്പത്തിക ഇടപാടുകള്‍ക്ക്  അമേരിക്കയില്‍ അക്കൗണ്ടുകള്‍ തുടങ്ങി,  തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പരസ്യങ്ങള്‍ക്കായി വന്‍ തുക ചെലവഴിച്ചു, അമേരിക്കയില്‍ ജനങ്ങളെ കൂട്ടി തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിച്ചു,  ഹിലറി ക്ലിന്റനെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു, സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടത്തി, തുടങ്ങി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ കൂട്ടുനിന്നതിന്റെ നിര്‍ണായക തെളിവുകളടങ്ങിയതാണ് മ്യൂളര്‍ കമ്മിഷന്‍ നല്‍കിയ കുറ്റപത്രം. തിരഞ്ഞെടുപ്പ് നടന്ന മാസങ്ങളില്‍ 1.25 മില്യണ്‍‌ ഡോള‍ര്‍ ഓരോ മാസവും റഷ്യ അമേരിക്കയില്‍ ചെലവഴിച്ചെന്നും കുറ്റപത്രം പറയുന്നു. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഒരു ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിയടക്കം  മൂന്ന് റഷ്യന്‍ കമ്പനികളും അട്ടിമറിയില്‍ പങ്കാളികളായതായി കുറ്റപത്രം പറയുന്നു.

2014ല്‍ താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ റഷ്യ അമേരിക്ക വിരുധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു എന്ന് പറഞ്ഞ ട്രംപ് താനും തന്റെ പാര്‍ട്ടിയും തെറ്റ് ചെയ്തിട്ടില്ലെന്ന് ട്വീറ്റ് ചെയ്തു.ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്‍റ് ആക്കിയത് വ്ലാഡിമിര്‍ പുടിനാണോ? ഹിലറി ക്ലിന്‍റണെ പരാജയപ്പെടുത്തണമെന്ന് റഷ്യ ആഗ്രഹിച്ചത് എന്തിന് ?തുടങ്ങി അമേരിക്കന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ട്രംപിന്റെ ഭാവിയെ പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള കുറ്റപത്രം എഫ്.ബി.ഐ സമര്‍പിച്ചിരികുന്നത്