മുത്തശ്ശനൊപ്പം കൃഷിക്കിറങ്ങി കുട്ടിക്കൂട്ടം; മാതൃകയായി വഴിയോരക്കച്ചവടം

അവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ മാതാപിതാക്കൾക്ക് നല്ല ചെലവ് ഉണ്ടാകും അല്ലേ? ബാഗ് വാങ്ങണം, കുട വാങ്ങണം, പുസ്തകങ്ങൾ വാങ്ങണം. എന്നാൽ ഇത്തവണ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടന്ന തീരുമാനത്തിലാണ് എറണാകുളം എരപ്പുംപാറയിലെ കുട്ടിക്കൂട്ടം. അതിനായി അവർ ചെയ്യുന്നത് എന്താണെന്ന് അറിയണ്ടേ?

അവധിക്കാലത്ത് പണം സമ്പാദിക്കാൻ കുട്ടിക്കൂട്ടം കണ്ടെത്തിയ ആ വഴി ഇതാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു വഴിയോരക്കച്ചവടം. കടയിൽ എന്തൊക്കെയാ വിൽക്കുന്നതെന്നോ. എരപ്പുംപാറ-ചുരക്കോട് റോഡിലെ കച്ചവടത്തിന് പിന്നിൽ ജയ്സലും കൂട്ടുകാരുമാണ്. വാഹനം നിർത്തി സാധനങ്ങൾ വാങ്ങുന്നവർക്ക് കുട്ടിക്കൂട്ടത്തെ കണ്ട് കൗതുകം. ഒരു ദിവസം ആയിരത്തിലധികം രൂപയുടെ കച്ചവടം ഉണ്ടാകും ഈ മിടുക്കന്മാർക്ക്. രണ്ടാഴ്ചയ്ക്കു മുൻപ് തുടങ്ങിയ കച്ചവടം ലാഭം മാത്രം.

കടയിലേക്ക് കപ്പയും പയറും എല്ലാം എത്തുന്നത് എവിടെ നിന്നാണെന്ന് അറിയാൻ ഒരു സ്ഥലം വരെ പോകാം. ഇതാണ് ജെയ്സലിന്റെ മുത്തശ്ശൻ 76 കാരൻ മത്തായിയുടെ കൃഷിയിടം. ഇവിടെ നിന്ന് വിളവെടുത്ത പയറും കപ്പയും ആണ് കടയിൽ വിൽക്കുന്നത്. മുത്തശ്ശന്റെ ഒപ്പം കൂടി കുട്ടിക്കൂട്ടം തന്നെയാണ് വിളവെടുക്കുന്നതും കടയിലേക്ക് സാധനങ്ങൾ കൊണ്ടു പോകുന്നതും.