കോട്ടയത്തുനിന്ന് കെനിയയിലെ അയ്യപ്പ ക്ഷേത്രം വരെ; നിലം തൊടാതെ കൊടിമരം

കെനിയയിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് നിലം തൊടാതെ ഒരു കൊടിമരം കേരളത്തിൽ നിന്ന് കൊണ്ടു പോകുന്നു. വൈക്കത്ത് നിന്നാണ് 20 അടിയിലധികം നീളമുള്ള കൊടിമരം കൊണ്ടുപോകുന്നത്. കടൽ മാർഗ്ഗം നിലംതൊടാതെയാണ് കൊടിമരം കെനിയയിലെത്തിക്കുക.

നെയ്റോബി അയ്യപ്പസേവ സമാജമാണ്  20 അടിയിലധികം നീളമുള്ള കൊടിമരം കൊച്ചിയിലെത്തിച്ച് കപ്പൽ മാർഗം കെനിയയിലേക്ക് കൊണ്ടു പോകുന്നത്. ശരണം വിളികളോടെയാണ് വെച്ചൂരിൽ നിന്ന് ക്രയിൻ ഉപയോഗിച്ച് കൊടിമരം  കണ്ടയിനറിൽ കയറ്റിയത്. കസ്റ്റംസ്, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളുടെ പരിശോധനക്കുശേഷം അനുമതിയും നേടിയാണ് കൊടിമരം കപ്പൽ കയറുന്നത്.

രണ്ട് വർഷത്തെ തിരച്ചിലൊടുവിലാണ് പാലായിൽ നിന്ന് ഒരു വർഷം മുമ്പ് ഈ തേക്ക് മരം നിലം തൊടാതെ വെട്ടി വെച്ചൂരിലെത്തിച്ചത്. പിന്നെ കുടവെച്ചൂർ ചേരംകുളങ്ങര ക്ഷേത്രത്തിൽ എണ്ണ തോണിയിലാക്കി. 

തുടർന്നായിരുന്നു 600 കിലോ നല്ലെണ്ണയും പതിനൊന്നിനം അങ്ങാടി മരുന്നുകളും ചേർത്തുള്ള തൈലാധിവാസം. കഴിഞ്ഞ മാസം 12 ന് പുറത്തെടുത്ത കൊടിമരത്തിൻ്റെ ആധാരശില ഭാഗം ചെമ്പ് പൊതിഞ്ഞു. 

2002 ൽ നെയ്റോബിയിൽ സ്ഥാപിച്ച അയപ്പക്ഷേത്രത്തിലെ കൊടിമര സ്ഥാപനം മെയ് മാസം നടത്താനാണ് തീരുമാനം.25 ദിവസം കൊണ്ട് കൊടിമരം കെനിയയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. 30 ലക്ഷത്തോളം രൂപയാണ് ഈ കൊടിമരം കെനിയയിൽ എത്തിക്കുന്നതിനുള്ള ചെലവ്.