ഹിപ്പോക്രാറ്റസിന്‍റെ പ്രതിമ നിര്‍മിച്ച് ഡോ കെ രമേശന്‍; ഡോക്ടര്‍ ശില്‍പിയായ കഥ

ആധുനിക വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റസിന്‍റെ ശില്പം നിർമിച്ച് ആദരം ഒരുക്കുകയാണ് കണ്ണൂർ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. കെ. രമേശൻ. ഡോക്ടറുടെ ശിൽപ കലയിലെ വൈദഗ്ധ്യത്തിന് ഒരു അടയാളപ്പെടുത്തലാണ് മെഡിക്കൽ കോളജ് ക്യാമ്പസിൽ രൂപപ്പെടുത്തിയ ശിൽപം.ഡോക്ടർ ശില്പിയായ കഥ കാണാം.

ഡോക്ടർക്കും ശില്പിക്കും ഒരു പോലെ വേണ്ട  സൂക്ഷ്മതയും ഏകാഗ്രതയും കൈമുതലായ ഡോ. കെ രമേശൻ മെഡിക്കൽ  കോളജിലെ അധ്യാപന  കാലം കഴിഞ്ഞ് പോകുമ്പോൾ ഈ ക്യാമ്പസിന് ഇതിൽപരം മറ്റെന്താണ് സമ്മാനിക്കുക. ആധുനിക വൈദ്യ ശാസ്ത്രത്തിൻ്റെ പിതാവിൻ്റെ രൂപം കളിമണ്ണിൽ തീർത്ത് ഫൈബർ ഗ്ലാസിലേക്ക് മാറ്റുകയായിരുന്നു. 2 ആഴ്ച്ച അധ്യാപനത്തിന് പൂർണ അവധി കൊടുത്തു .ശില്പ നിർമാണത്തിന് എടുത്ത സമയം 2 മാസം; ഇനി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിന് 6 അടി ഉയരമുള്ള ഹിപ്പോക്രാറ്റസിൻ്റെ ഈ അർധകായ പ്രതിമ സ്വന്തം.

1995 ൽ പരിയാരം മെഡിക്കൽ കോളജിൽ ട്യൂട്ടർ തസ്തികയിൽ എത്തിയ ഡോ കെ രമേശൻ 29 വർഷം മെഡിക്കൽ കോളജിൽ അധ്യാപകനായി  പൂർത്തിയാക്കി. മൂന്ന് വർഷത്തിന് അപ്പുറം വിരമിക്കലാണ്. അപ്പോഴാണ്  വൈദ്യശാസ്ത്രത്തിൻ്റെ ആത്മാവ് തൊട്ട ഒരു മനുഷ്യന് തൻ്റെ ആത്മാംശം കൊണ്ടൊരു സമർപണം.