വിരുഷ്കയുടെ സ്വന്തം ‘അകായ്’; പേരിന്‍റെ അര്‍ഥം തിരഞ്ഞ് ആരാധകര്‍

നടി അനുഷ്ക ശര്‍മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോലിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന വാര്‍ത്ത വന്നത് ഇന്നലെയാണ്. കോലിയാണ് ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനമെന്നും അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും കോലി തന്‍റെ പേജില്‍ കുറിച്ചു. 

സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ തരംഗമാകുന്നത് അകായ് എന്ന കുഞ്ഞിന്‍റെ പേര് തന്നെയാണ്. എന്താണ് അകായ്​യുടെ അര്‍ഥം എന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകര്‍. ഹിന്ദിയിലെ 'കായാ' എന്ന വാക്കില്‍ നിന്നാണ് 'അകായ്' എന്ന വാക്കുണ്ടായത്. ഹിന്ദിയില്‍ കായാ എന്നാല്‍ ശരീരം എന്നാണ് അര്‍ഥം. അകായ് എന്നാല്‍ ശരീരത്തിനും അപ്പുറം എന്ന അര്‍ഥമാണ് വരുന്നത്. 

ടര്‍ക്കിഷ് ഭാഷയില്‍ അകായ് എന്നാല്‍ തിളങ്ങുന്ന ചന്ദ്രന്‍ എന്നാണ് അര്‍ഥം. നിലവില്‍ എന്തുകൊണ്ടാണ് കുഞ്ഞിന് അകായ് എന്ന് പേരിട്ടിരിക്കുന്നത് എന്ന് താരദമ്പതികള്‍ വെളിപ്പെടുത്തിയിട്ടില്ല. 

'ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത പങ്കുവയ്ക്കുന്നത്. ഫെബ്രുവരി 15ന് വാമികയുടെ കുഞ്ഞനുജന്‍ 'അകായ്'​യെ ഞങ്ങള്‍ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. എല്ലാവരുടെയും അനുഗ്രഹവും ആശംസകളും ഞങ്ങള്‍ക്ക് വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യര്‍ഥിക്കുന്നു'–എന്നാണ് കോലി സമൂഹമാധ്യമത്തില്‍ കുറിച്ചത്. 

2017 ലാണ് അനുഷ്‌കയും കോലിയും തമ്മില്‍ വിവാഹിതരായത്. 2021 ല്‍ താരദമ്പതികള്‍ക്ക് മകള്‍ വാമിക ജനിച്ചു. അടുത്തകാലത്ത് നടന്ന പല മല്‍സരങ്ങളിലും കോലി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതായി ബി.സി.സി.ഐ.യെ അറിയിക്കുകയായിരുന്നു.

Anushka Sharma, Virat Kohli, blessed with baby boy, name him ‘Akaay’