മറവിരോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും! അപൂര്‍വമെന്ന് ശാസ്ത്രലോകം; റിപ്പോര്‍ട്ട്

representative image: credit: istockphoto.com

അത്യപൂര്‍വമായ സാഹചര്യങ്ങളില്‍ മറവിരോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. പക്ഷേ ദൈനംദിന പ്രവര്‍ത്തികളിലൂടെയോ, പരിചരണത്തിലൂടെയോ അസുഖം പടര്‍ന്നതിന് തെളിവില്ലെന്നും നേച്ചര്‍ മെഡിസിനെന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വിഷലിപ്തമായ ഒരുതരം പ്രോട്ടീനില്‍ നിന്നാണ് മറവിരോഗ ബാധിതനായ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം സംക്രമിച്ചതെന്നാണ് കണ്ടെത്തല്‍. മരിച്ചുപോയ മറവിരോഗ ബാധിതന്‍റെ പിറ്റ്യൂറ്ററി ഗ്രന്ഥിയിലെ വളര്‍ച്ചാ ഹോര്‍മോണ്‍ ലഭിച്ചവരിലാണ് മറവിരോഗത്തിന്‍റെ തുടക്കം കണ്ടെത്തിയത്. പ്രോട്ടീനുകളില്‍ നിന്ന് തലച്ചോറിലേക്ക് മറവിരോഗത്തിന്‍റെ കണികകള്‍ കടന്നിട്ടുണ്ടാകാമെന്നാണ് ശാസ്ത്രലോകത്തിന്‍റെ അനുമാനം. 

ബാക്ടീരിയയോ, വൈറസോ പോലെയല്ല മറവിരോഗം പടരുന്നത്. അതുകൊണ്ട് തന്നെ മറവിരോഗം എപ്പോള്‍ ബാധിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും പഠനം നടത്തിയവരില്‍ ഒരാളായ പ്രൊഫസര്‍ ജോണ്‍ കൊളിന്‍ങ് പറയുന്നു. മനുഷ്യന്‍റെ കോശത്തില്‍ നിന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇത് സംഭവിക്കുകയുള്ളൂവെന്നും സാധാരണ സാംക്രമിക രോഗങ്ങളുടെ ഒരു സ്വഭാവവും ഇതിനില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. മറവിരോഗത്തെ കുറിച്ചുള്ള തുടര്‍പഠനത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നും ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ അവസ്ഥയ്ക്ക് പ്രിയോണ്‍ രോഗവുമായാണ് സാമ്യതയെന്നും ഗവേഷകര്‍ പറയുന്നു. 

1959മും 1985 നും ഇടയില്‍ ബ്രിട്ടണിലെ 1848 പേര്‍ക്ക് മരിച്ചുപോയവരുടെ പിറ്റ്യൂറ്ററി ഗ്രന്ഥികളില്‍ നിന്നും വളര്‍ച്ചാ ഹോര്‍മോണ്‍ എടുത്തതായി കണ്ടെത്തിയിരുന്നു. സാധാരണയായി മതിയായ വളര്‍ച്ചയില്ലാത്ത, മറ്റുകുട്ടികളെ അപേക്ഷിച്ച് ഉയരക്കുറവുള്ളവരിലാണ് ഇത്തരത്തില്‍ മൃതദേഹങ്ങളുടെ പിറ്റ്യൂറ്ററി ഗ്രന്ഥികളില്‍ നിന്നുള്ള വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ചിരുന്നത്. 1980 കളോടെ ഈ ചികില്‍സാരീതി അവസാനിപ്പിച്ചു. തലച്ചോറിനെ ബാധിക്കുന്ന ചില അസുഖങ്ങള്‍ ഹോര്‍മോണ്‍ സ്വീകരിച്ചവരില്‍ പ്രത്യക്ഷപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തതോടെയാണിത് നിര്‍ത്തലാക്കിയത്. ഇവരില്‍ 80 പേരില്‍ അമിലോയിഡ് ബീറ്റയെന്ന പ്രോട്ടീന്‍ മരണ സമയത്ത് തലച്ചോറിലുണ്ടായിരുന്നതായി കണ്ടെത്തി. മറവിരോഗമുള്ളവരിലാണ് ഈ പ്രോട്ടീന്‍ കണ്ടുവരുന്നത്. 

അതേസമയം, അമിലോയിഡ് ബീറ്റയുടെ സാന്നിധ്യം തലച്ചോറില്‍ സ്ഥിരീകരിച്ചിരുന്നവരെ മറവിരോഗം പൂര്‍ണമായും കീഴ്പ്പെടുത്തിയോ എന്ന് കണ്ടെത്താനായില്ല. ഇത്തരത്തില്‍ മറവിരോഗം പടരാന്‍ കാരണമാകുന്ന ചികില്‍സാരീതികള്‍ എവിടെയും അവലംബിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും വിപത്ത് തടയണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആശങ്ക വേണ്ടെന്നും തലച്ചോറിലെ കോശങ്ങള്‍ ആളുകളില്‍ നിക്ഷേപിക്കേണ്ടി വരുന്ന തരം ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയോടും കരുതലോടും കൂടെയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും പിഴവ് സംഭവിക്കാനുള്ള സാധ്യതെ ഒട്ടും തന്നെയില്ലെന്നും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ബയോ കെമിസ്ട്രി വിഭാഗം പ്രൊഫസറായ ആന്‍ഡ്രൂ ഡോയ്ങ് വ്യക്തമാക്കി. 

Alzheimer's can be transmitted between humans in rare medical conditions; Study report