ഇന്‍റര്‍നെറ്റ് ആസക്തി മുതല്‍ പഠനഭാരം വരെ; വിഷാദച്ചുഴിയില്‍ കൗമാരം; റിപ്പോര്‍ട്ട്

സംസ്ഥാനത്തെ കൗമാരക്കാരില്‍ 61.3 ശതമാനം പേരിലും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. 14 ശതമാനം പേര്‍ അടിയന്തര മെഡിക്കല്‍സഹയം ആവശ്യമുള്ളവരുടെ പട്ടികയില്‍ പെടുന്നു. ഇന്‍റര്‍നെറ്റ് അഡിക്ഷന്‍ മുതല്‍ പഠനഭാരം വരെയുള്ളവയാണ് കുട്ടികളിലെ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന 'കനല്‍' എന്ന സംഘടനയുടെ പഠനത്തിലാണ് കണ്ടെത്തലുകള്‍. വിഡിയോ റിപ്പോര്‍ട്ട്കാണാം.

പഠിക്കുന്നില്ല, കൂട്ടുകാരില്ല, എപ്പോഴും സൈബര്‍ലോകത്താണ് ഇങ്ങനെ കൗമാരക്കാരെകുറിച്ചുള്ള പരാതികളാണ് എവിടെയും. 457 സ്കൂള്‍ കുട്ടികളുടെ ഇടയില്‍ നടത്തിയ വിശദമായ പഠനത്തിലാണ് 61.3 ശതമാനം പേരിലും നേരിയ തോതിലുള്ളത് മുതല്‍ അതികഠിനമായതുവരെയുള്ള വിഷാദരോഗം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ 14.8 ശതമാനം കുട്ടികള്‍ അടിയന്തര മെഡിക്കല്‍സഹായം വേണ്ട അവസ്ഥയിലാണ്  66. 5 ശതമാനം കൗമാരക്കാരിലും ഉത്കണ്ഠാ രോഗലക്ഷണങ്ങളുണ്ട്. ഇവരില്‍ 27.6 ശതമാനം പേര്‍ക്ക് മെഡിക്കല്‍സഹായം ഉടന്‍ നല്‍കണം. 50 ശതമാനം കുട്ടികള്‍ക്കും മാനസിക പിരിമുറുക്കമുണ്ടെന്നും 34.3 ശതമാനം പേര്‍ക്കും ഇന്‍റര്‍നെറ്റ് അഡിക്ഷനുണ്ടെന്നും പഠനം പറയുന്നു. 

നഗര ,ഗ്രാമഭേദമില്ലാതെ കുട്ടികള്‍ക്കിടയില്‍ നെറ്റ് അഡിക്ഷന്‍ ഉണ്ട്. ആണ്‍കുട്ടികളിലാണ് ഇന്‍റര്‍നെറ്റ് അടിമത്വം കൂടുതല്‍. സെബര്‍ലോകത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നവരിലാണ് വിഷാദം , ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ കടുക്കുന്നതെന്നും മാനസികാരോഗ്യവിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും സംയുക്മായി നടത്തിയ പഠനം കാണിക്കുന്നു. കുട്ടികളിലെ മാനസികരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയുക,  മെഡിക്കല്‍ സഹായം ഉറപ്പാക്കുക എന്നിവക്കൊപ്പം നെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതും ഏറെ പ്രധാനമാണെന്നാണ് ഈ അധ്യയന വര്‍ഷം സ്കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടത്തിയ പഠനം വ്യക്തമാക്കുന്നത്. 

Depression among teenagers, Study report

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.