സഹപാഠികള്‍ക്ക് സ്നേഹവീട്; വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ‘നല്ല പാഠം’

സഹപാഠികളും അധ്യാപകരും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത വീടായി. മണ്ണാർക്കാട് എടത്തനാട്ടുകര വട്ടവണ്ണപ്പുറം എ.എം എൽ.പി സ്കൂളിലെ, മലയാള മനോരമ നല്ല പാഠം ക്ലബ്ബിന്‍റെ നേതൃത്വത്തിൽ പൂര്‍ത്തിയാക്കിയ സ്നേഹവീടുകള്‍ മന്ത്രി, കെ.കൃഷ്ണന്‍കുട്ടി കൈമാറി. 

മൂന്നാം ക്ലാസിലെ കുട്ടികള്‍ പഠനത്തിന്‍റെ ഭാഗമായി വിവിധതരം വീടുകളെ പരിചയപ്പെടുത്തുന്നതിനിടയിലാണ് സഹപാഠിക്ക് വീടില്ലെന്നറിയുന്നത്.  പിന്നാലെ സ്നേഹ വീടിനായി പരിശ്രമം തുടങ്ങി. നല്ല പാഠം ക്ലബ്ബ് വിവിധ മേഖലയിലുള്ളരെ ചേര്‍ത്ത് നിര്‍ത്തി സ്വാഗത സംഘം രൂപീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി. ഭക്ഷ്യമേള സംഘടിപ്പിച്ചു. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെയും അധ്യാപകരുടെയും സഹായം. രക്ഷിതാക്കളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയുമെല്ലാം പിന്തുണയോടെ ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു. കഴിഞ്ഞവർഷം വിദ്യാലയത്തിനു ലഭിച്ച നല്ലപാഠം ജില്ലാ അവാർഡും ഈ പദ്ധതിയിലേക്കുള്ള ആദ്യ തുകയായി. 

മൂന്നാം ക്ലാസിലെ സിയ, എല്‍.കെ.ജി.യിലെ ഇവാനിയ എന്നിവർക്കായി 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഒന്നാം ക്ലാസുകാരനായ മുഹമ്മദ്‌ സിനാന് 540 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമാണ് യാഥാര്‍ഥ്യമാക്കിയത്. പന്ത്രണ്ടര ലക്ഷത്തിലധികം ചെലവായി. സ്നേഹം തുളുമ്പിയ അന്തരീക്ഷത്തില്‍ മന്ത്രി വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. എന്‍.ഷംസുദ്ദീന്‍‌ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. നല്ലപാഠം ക്ലബ്ബിന്‍റെ നേതൃത്വത്തിലുള്ള ഉപഹാരം  മലയാള മനോരമ പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ്‌ ഹരിഹരൻ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.