യേശുദാസിനായി കൊച്ചിയില്‍ പിറന്നാളാഘോഷം; ഓണ്‍ലൈനായി നന്ദി പറഞ്ഞ് ഗായകന്‍

സംഗീതത്തിലൂടെ സാഹോദര്യം നിലനിർത്തണമെന്ന് പിറന്നാൾ ദിനത്തിൽ ഗായകൻ കെ.ജെ യേശുദാസ്. കൊച്ചിയിൽ ഒരുക്കിയ പിറന്നാൾ ആഘോഷത്തിൽ ഓൺലൈൻ ആയി പങ്കെടുത്ത യേശുദാസ് ആശംസകൾക്ക് നന്ദി അറിയിച്ചു. മകനും ഗായകനുമായ വിജയ് യേശുദാസാണ് പിറന്നാൾ കേക്ക് മുറിച്ചത്. ചലച്ചിത്ര ലോകത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് കാണികൾക്ക് സംഗീത വിരുന്നായി. 

 യേശുദാസ് അമേരിക്കയിൽ ആയതിനാൽ മകനും ഗായകനുമായ വിജയ് യേശുദാസ് ആണ് പിറന്നാള്‍ കേക്കു മുറിച്ചത്. ഓൺലൈനായി യേശുദാസും ഭാര്യ പ്രഭയും മക്കളും കൊച്ചുമക്കളും ആഘോഷത്തിൽ പങ്കെടുത്തു. നടന്മാരായ ദിലീപ്, സിദ്ധിക്, മനോജ് കെ ജയൻ, സംവിധായകൻ സത്യൻ അന്തിക്കാട് അടക്കമുള്ള പ്രമുഖർ ആശംസകളറിയിച്ചു. ആശംസകൾക്ക് നന്ദിയുമായി യേശുദാസ്. കൂടെ സംഗീതത്തെ ബഹുമാനിക്കണമെന്ന ഉപദേശവും. യേശുദാസ് അക്കാദമിയും ഗായകരുടെ കൂട്ടായ്മ 'സമ'വും ചേർന്നാണ് കൊച്ചി പാടിവട്ടത്ത് പിറന്നാൾ ആഘോഷം ഒരുക്കിയത്. യേശുദാസിന്റെ പാട്ടുകൾ പാടിയാണ് ഗായകർ ആശംസകൾ അറിയിച്ചത്.