‘സ്വതന്ത്ര രചനകളോട് അസഹിഷ്ണുത കാട്ടുന്ന ചിലശക്തികളുണ്ട്’ പെരുമാള്‍ മുരുകന്‍

ഇന്ത്യയില്‍ എഴുത്തുകാര്‍ക്ക് സ്വതന്ത്രആവിഷ്കാരത്തിനുള്ള അന്തരീക്ഷമില്ലെന്ന് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. അടുത്തകാലത്ത് നിരവധി എഴുത്തുകാര്‍ കൊല്ലപ്പെട്ടു. എത്രയോപേര്‍ ഭീഷണികള്‍ നേരിടുന്നു. തമിഴ്നാട്ടില്‍ ഭരണകൂടം എഴുത്തുകാര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും സ്വതന്ത്ര രചനകളോട് അസഹിഷ്ണുത കാട്ടുന്ന ചിലശക്തികളുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

നിയമസഭയുടെ രാജ്യാന്തര പുസ്തകമേളയില്‍ സാഹിത്യവും വായനയും എന്ന വിഷയത്തില്‍ പ്രഭാഷണത്തിനെത്തിയതാണ് വിഖ്യാത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. ചില ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് എഴുത്തുനിര്‍ത്തുകയാണെന്ന് 2015 ല്‍ പ്രഖ്യാപിച്ച പെരുമാള്‍ മുരുകന്‍ ഒന്നരവര്‍ഷം നിശബ്ദനായിരുന്നു. മാതൊരുബാകന്‍ അഥവാ അര്‍ധനാരീശ്വരന്‍ എന്ന നോവലിനെതിരെയായിരെയിരുന്നു നാമക്കലിലും തിരുച്ചെങ്കോട്ടും പ്രതിഷേധമുയര്‍ന്നത്. നോവല്‍ കത്തിച്ചു. ഭീഷണിയെത്തുടര്‍ന്ന് മുരുകന്‍ കുടുംബസമേതം നാടുവിട്ടു. ഒടുവില്‍ നാമക്കല്‍ ജില്ലാഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ നോവിലിലെ വിവാദഭാഗങ്ങള്‍ നീക്കാമെന്നും ബാക്കിയുള്ള കോപ്പികള്‍ നിരുപാധികം പിന്‍വലിക്കാമെന്നും  സമ്മതിച്ച് മുരുകന് ഒപ്പിടേണ്ടിവന്നു. ഇതിന് പിന്നാലെയാണ് എഴുത്തുനിര്‍ത്തുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.അദ്ദഹത്തിനെതിരായ ക്രിനിനല്‍ കേസ് 2016 ല്‍ മദ്രാസ് ഹൈക്കോടതി തള്ളി. പിന്നാലെ മുരുകന്‍ എഴുത്തുവഴിയില്‍ മടങ്ങിയെത്തി. അതേസമയം ഇന്ത്യയില്‍ സ്വതന്ത്ര ആവിഷ്കാരത്തിനുള്ള കാലാവസ്ഥയില്ലെന്ന് മുരുകന്‍.

എഴുത്തിലൂടെയും സാഹിത്യത്തിലൂടെയുമാണ് ദ്രാവിഡ മുന്നേറ്റ കഴകം വളര്‍ന്നത്. പെരിയാര്‍, അണ്ണാദുരൈ, കരുണാനിധി എന്നിവരൊക്കെ എഴുത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. എങ്കിലും തമിഴ്നാട്ടില്‍ ഇപ്പോഴും ചില ശക്തികള്‍ അസഹിഷ്ണുത കാട്ടുന്നു

1991 ല്‍ ഏറുവെയില്‍ എന്ന ആദ്യനോവലിലൂടെ ശ്രദ്ധേയനായ െപരുമാള്‍ മുരുകന്‍  ഗ്രാമംജീവിതം പറയുന്ന പുതിയ നോവല്‍ ജനുവരിയില്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്