ഹൻസികയുടെ വിവാഹ വിഡിയോ ഹോട്ട്സ്റ്റാറിൽ; നയൻസിന്റെ എവിടെയെന്ന് ആരാധകർ

ചിത്രം: Instagram

സൂപ്പർതാരം ഹൻസികയുടെ വിവാഹ വിഡിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് തുടങ്ങിയതിന് പിന്നാലെ നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹ വിഡിയോ എവിടെയെന്ന് നെറ്റ്ഫ്ലിക്സിനോട് ചോദിച്ച് ആരാധകർ. 2022 ജൂൺ ഒൻപതിന് നടന്ന വിവാഹത്തിന്റെ വിഡിയോ ടീസർ ഓഗസ്റ്റിൽ നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ടിരുന്നു. പിന്നീട് വിഡിയോയെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്തു വന്നിട്ടില്ല. വെറും വിവാഹ വിഡിയോ എന്നതിനപ്പുറം നയൻസിന്റെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങളെല്ലാം കോർത്തിണക്കിയ വിഡിയോയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

' ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിൽ സ്പെഷൽ പരിപാടിയായാണ് ഹോട്ട്സ്റ്റാർ വിവാഹ വിഡിയോ സ്ട്രീം ചെയ്യുന്നത്. 2022 ഡിസംബറിലാണ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ സുഹൈൽ ഖതൂരിയെ ഹൻസിക വിവാഹം കഴിച്ചത്. ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു അത്യാഡംബര വിവാഹം. 

പാരിസിലെ ഈഫൽ ടവറിന് മുന്നിൽ വച്ച് സുഹൈൽ പ്രണയാഭ്യർഥന നടത്തിയ വിവരം ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിയ പരിചയമാണ് പ്രണയത്തിലേക്കും ഒന്നിച്ചുള്ള ജീവിതത്തിലേക്കും എത്തിച്ചത്.