ലോകകപ്പ് വിജയം; സ്‌കലോണി മികച്ച ഫുട്ബോള്‍ ടീം പരിശീലകൻ

ഖത്തറിൽ അർജന്റീനയുടെ പടയോട്ടത്തിനു കാരണക്കാരായ നായകന്മാരിൽ ലയണൽ മെസ്സിക്കൊപ്പം ചേർത്തുവയ്ക്കുന്ന പേരാണ് പരിശീലകൻ ലയണൽ സ്കലോണി.  2018 ലോകകപ്പിനു ശേഷം ഹോർഹെ സാംപോളി സ്ഥാനമൊഴിഞ്ഞപ്പോഴാണ് സഹപരിശീലകനായ സ്കലോണി ചുമതലയേറ്റത്. ടീമിനെ വിജയത്തിലെത്തിച്ചതിനോടൊപ്പം മികച്ച ഫുട്ബോള്‍ ടീം പരിശീലകൻ എന്ന സ്ഥാനവും ഇനി  ലയണൽ സ്കലോണിക്ക് സ്വന്തമാവുകയാണ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് സ്‌കലോണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.  സ്‌കലോണിക്ക് 240 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ ദെഷാം 45 വോട്ടു നേടി. മൊറോക്കോയെ ലോകകപ്പില്‍ നാലാം സ്ഥാനത്ത് എത്തിച്ച വാലിദ് റെഗ്റാഗി 30 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. 

1978ൽ അർജന്റീനയിൽ ജനിച്ച സ്കലോണി 2003–2006 കാലഘട്ടത്തിൽ അർജന്റീന ദേശീയ ടീമിൽ വിങ് ബാക്കായി കളിച്ചിട്ടുണ്ട്. 16–ാം വയസ്സിൽ റൊസോരിയോയിലെ പ്രശസ്തമായ ന്യൂവെൽ ഓൾഡ് ബോയ്സ് ക്ലബ്ബിൽ ചേർന്നു. അവിടെയാണു ആദ്യത്തെ പ്രഫഷനൽ അരങ്ങേറ്റം. സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലുമായി 18 കൊല്ലം നീണ്ട ക്ലബ് കരിയർ. 2016ലാണു പ്രഫഷനൽ പരിശീലകനായത്.