വിശ്വകിരീടത്തിന്റെ സുവർണശോഭയിൽ മെസ്സി മിശിഹയായി പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ അതിനൊപ്പം തന്നെ ആരാധക ഹൃദയത്തിൽ കുടിയേറിയ ഒരു ഇരുപത്തിനാലുകാരനുമുണ്ട്. ഉറപ്പാണ് ഫ്രഞ്ച് തേരോട്ടം ഇനി ഇവന്റെ തോളേറിയാവും. ഫിഫ ലോകകപ്പ് 2022 സമ്മാനിച്ച മുത്താണ് ആ കരുത്തനായ പോരാളി, കിലിയൻ എംബാപ്പെ. ഇത്തവണത്തെ ലോകകപ്പ് ഫ്രാൻസിനായിരുന്നുവെങ്കിൽ, എംബാപ്പെയുടെ ഇരുപത്തിനാലാം പിറന്നാള്‍ ദിനമായ ഇന്നത് ഇരട്ടിമധുരമായേനെ.
‘അവന് ഇനിയും സമയമുണ്ടല്ലോ, ഇരുപത്തിമൂന്ന് വയസ്സല്ലേ ആയിട്ടുള്ളൂ മെസ്സിക്ക് ഇനിയൊരു ലോകകപ്പില്ല’ ലയണൽ മെസ്സി ലോകകപ്പ് നേടണം എന്ന ആഗ്രഹം പങ്കുവച്ചവരിൽ ഭൂരിപക്ഷവും പറഞ്ഞ കാര്യമിതാണ്. അതെ, അവന് വെറും ഇരുപത്തിമൂന്ന് വയസ്സുമാത്രമായിരുന്നു പ്രായം, പക്ഷേ അവന്‍ ഒറ്റയ്ക്കാണ് പൊരുതിയത്, പട നയിച്ചത്, പൊരുതിവീണത്. അവന്‍ അത്രമേൽ ആ ലോകകപ്പിനെ പുൽകാൻ കൊതിച്ചിരുന്നു, അതിലേക്ക് ചുണ്ടുചേർക്കാൻ വെമ്പിയിരുന്നു.
അതിഗംഭീര ഷോട്ടുകൾകൊണ്ട്, മിന്നൽപ്പിണരുപോലെ ഞൊടിയിടയിൽ കളിയുടെ ഗതി തന്നെ മാറ്റിമറിച്ച, ഗോളിയുടെ കൈകൾക്കു പോലും തടുക്കാനാവാത്ത ബുള്ളറ്റ് ഷോട്ടുകൾകൊണ്ട് ഫൈനലിൽ നമ്മുടെ ഹൃദയമിടിപ്പ് പോലും നിയന്ത്രിച്ച കിലിയൻ എംബാപ്പെ എന്ന ഫ്രഞ്ച് കളിക്കാരൻ അർജന്റീനയ്ക്കെതിരെ വന്നില്ലായിരുന്നുവെങ്കിൽ ഇത്രമേൽ മനോഹരമായ ഒരു ലോകകപ്പ് ഫൈനൽ ഉണ്ടാവുമായിരുന്നോ?
കളി മെസ്സിയും എംബാപ്പെയും തമ്മിലായിരുന്നു എന്നു പറയുന്നവരും ഉണ്ട്. ഈ കൊച്ചുപയ്യനൊക്കെ എന്ത് ചെയ്യാനാണ് എന്ത് പറഞ്ഞുതള്ളിയവര്‍ പോലും മൂക്കത്ത് വിരൽവയ്ക്കുന്ന പ്രകടനമാണ് എംബാപ്പെ നടത്തിയത്. ഫൈനലില്‍ ഹാട്രിക് നേടി മെസ്സിയെ പിന്നിലാക്കി ഗോള്‍ഡന്‍ ബൂട്ടുമായാണ് കിലിയന്‍ എംബാപ്പെ മടങ്ങിയത്. എട്ടുഗോളുകളുമായാണ് എംബാപ്പെ സുവര്‍ണപാദുകമണിഞ്ഞത്. ഇതോടെ ലോകകപ്പില്‍ എംബാപ്പെയുടെ ഗോള്‍നേട്ടം പന്ത്രണ്ടായി. നാലുഗോളുകള്‍ കൂടി നേടിയാല്‍ എംബാപ്പെയ്ക്ക് മിറോസ്ലാവ് ക്ലോസെയുടെ ലോക റെക്കോര്‍ഡും മറികടക്കാം. ഇതെല്ലാം കിലിയൻ എംബാപ്പെ എന്ന ‘കൊച്ചുപയ്യ’ന്റെ നേട്ടങ്ങളാണ്. അവൻ പടുത്തുയർത്തിയ അവന്റെ സ്വപ്നങ്ങളാണ്, ലോകകപ്പ് എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് അവനെ നയിക്കുന്ന ഊർജമാണ്. കളിക്കളത്തില്‍ അവനെഴുതിയത് ചരിത്രമാണ്.
ഇതിനിടയിൽ അവനുനേരെ വരുന്ന വർഗ്ഗവര്‍ണ വിദ്വേഷങ്ങൾ തുളുമ്പുന്ന കൂരമ്പുകൾ ശ്രദ്ധിക്കാനോ, അതോർത്ത് പരിതപിക്കാനോ അവന് സമയമില്ല. പ്രകടനംകൊണ്ടുള്ള മറുപടികളാണ് നൽകാനാകെയുള്ളത്. അതാകട്ടെ വിമർശകരുടെ ചൂണ്ടുവിരലൊടിക്കുന്നതും. എംബാപ്പെയുടെ നിറവും തരവും നോക്കി വിലയിടുന്നവർക്ക്, ‘ഫ്രഞ്ചുകാര്‍ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും’ എന്ന് വിചാരിച്ചുവച്ചവർക്ക് നൽകാനുള്ള മറുപടി അവന്‍ സുവ്യക്തമായി മുൻപേ പറഞ്ഞുവച്ചിട്ടുണ്ട്. ‘ഞാൻ ശക്തനാണ്, ഇതിനൊന്നും എന്നെ തളർത്താനാവില്ല. ഞാൻ തളർന്നാൽ എന്റെ പിന്നാലെ വരുന്നവർക്ക് അതെങ്ങനെ നല്ല മാതൃകയാകും?’. ഒരിക്കൽ താനൊരു കുരങ്ങനാണ് എന്ന് കരുതുന്നവർക്കൊപ്പം കളിക്കാനില്ലെന്ന് പറഞ്ഞ് ഫ്രഞ്ച് ടീം വിടാനൊരുങ്ങിയ കിലിയൻ എംബാപ്പെയിൽ നിന്നാണ് ഇത്രയും പക്വമായ, പാകതയാർന്ന, സുദൃഢമായി ഒരു മറുപടിയുണ്ടായത്. കാരണം അവനുറപ്പാണ്, കാലത്തിന് മായിക്കാനാവാത്തതായി ഒന്നുമില്ലെന്ന്.
അക്രമത്തിനും ഭീകരവാദത്തിനും പേരുകേട്ട, ആർക്കും വേണ്ടാതിരുന്ന ഒരു ഗ്രാമത്തിൽ നിന്ന് ഖത്തറിലെത്തി, അർജന്റീന എന്ന വമ്പൻ ടീമിനെ വിറപ്പിച്ചാണ്, ഗോൾഡൻ ബൂട്ടുമായി എംബാപ്പെ മടങ്ങിയത്. പഴിചാരിയവർക്കും, കുറ്റപ്പെടുത്തിയവർക്കും, ഒറ്റപ്പെടുത്തിയവർക്കും, വർഗവിദ്വേഷം വാരിച്ചൊരിഞ്ഞവർക്കും മുന്നിൽ തല ഉയർത്തിയാണ് ഈ ഇളമുറക്കാരന്‍ ഖത്തർ വിട്ടത്. നാലാണ്ട് കാത്തിരിപ്പ് ബാക്കിയാണ്, കിലിയൻ എംബാപ്പെ മടങ്ങിവരും. അടുത്ത ലോകകപ്പ് വേദിയിൽ അവനുവേണ്ടി ആർത്തുവിളിക്കുന്ന ആരാധകക്കൂട്ടമുണ്ടാകും. അവനവിടെ കാൽപ്പന്തുകൊണ്ട് പുതുചരിത്രം വരച്ചിടും.
‘കളി അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടല്ലേയുള്ളൂ, കാരണം അവന് ഇരുപത്തിനാല് വയസല്ലേ ആയിട്ടുള്ളൂ..’