ഒരൊറ്റ സെറ്റിൽ തീരേണ്ട കളിയല്ല ജീവിതം; കളിക്കളത്തിലേക്ക് വരൂ; ടോം ജോസഫ്

ലഹരി വിരുദ്ധ കാംപെയിനിൽ പങ്കുചേർന്ന് ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ്. ലഹരിയുടെ വഴി വിട്ട് കളിക്കളത്തിലേക്ക് വരണമെന്ന് അദ്ദേഹം അഭ്യർഥിക്കുന്നു. ‘നമുക്ക് എന്നോ നഷ്ടമായ നമ്മുടെ ഗ്രാമീണ കളിയിടങ്ങളും വൈകുന്നേരങ്ങളും സജീവമാക്കു.ആരോഗ്യമുള്ള തലമുറയായ് നമുക്കെല്ലാം വളരാം.ലഹരിയാക്കേണ്ടതാണ് കായികത്തെ. നമ്മെ അപ്പാടെ നശിപ്പിക്കുന്ന ലഹരിമരുന്നിനെയും, അവയുടെ ഉപയോഗത്തെയും നമുക്ക് തള്ളിപ്പറയാം. നാടിനെ ലഹരിമുക്തമാക്കാൻ നമുക്കൊന്നിക്കാം.’ അദ്ദേഹം കുറിച്ചു. 

കുറിപ്പ് വായിക്കാം:

ഒരൊറ്റ സെറ്റിൽ തീരേണ്ട കളിയല്ല ജീവിതം. നൈമിഷീക തൃപ്തിക്കായി ലഹരിയുടെ വഴിതേടി പോകുന്നവരെ. നിങ്ങൾ വഴിമാറി നടക്കു. വരു..നിങ്ങളീ വഴി വരു.. കായികത്തിന്റെ വഴിയെ.. അത് നിങ്ങൾക്ക് മാനസീകോർജ്ജവും ശാരീരികോർജ്ജവും തരും. നിങ്ങളെയത് എന്നും ആരോഗ്യവാൻമാരാക്കാൻ ഉപകരിക്കും. കായികം കളിക്കളത്തിലെ ജയത്തിന് വേണ്ടി മാത്രമുള്ളതല്ല. വലിയവേദികളിലും, വലിയ മത്സരങ്ങളിലും പങ്കെടുക്കാൻ മാത്രമുള്ളതുമല്ല.

അത് കരുത്തരായിരിക്കാൻ വേണ്ടി കൂടിയുള്ളതാണ്. കൂട്ടായ്മയും, ബന്ധങ്ങളുടെ തീഷ്ണതയും നിലനിർത്താനുള്ളതു കൂടിയാണ്. ജയം മാത്രമല്ല പരാജയവും ജീവിതത്തിലുണ്ടെന്ന് മനസിലാക്കാൻ കൂടിയുള്ളതാണ്. പ്രതിസന്ധികളെ മറികടക്കാനും, അവയെ മെരുക്കാനും മനസിനെ പാകപ്പെടുത്താനും കൂട്ടിയുള്ളതാണ്.

പുതുതലമുറയെ, പഴയവരെയും ലഹരി അത്രമേൽ വിഴുങ്ങി എന്ന മനസിലാക്കലുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു ഓർമപ്പെടുത്തൽ വേണ്ടിവരുന്നത്. രാവിലെയെന്നോ, ഉച്ചയെന്നോ, വൈകിട്ടെന്നൊ ഇല്ലാതെയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ലഹരി നിറയുന്നത്. യുവാക്കളും, വിദ്യാർഥികളുമാണ് അവരിൽ ഭൂരിപക്ഷം എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. മദ്യലഹരിയിൽ നിന്ന് വിട്ട് സിന്തറ്റിക് ലഹരിയിലേയ്ക്ക് കടക്കുന്നവരിൽ വൻ വർധന. ഇടനിലക്കാരും, വിൽപ്പനക്കാരുമായി പലപ്രമുഖരും ഉണ്ട് എന്നാണ് വാർത്തകളിലൂടെ അറിയുന്നത്. പിന്തുണ നൽകുന്നവരും ഉണ്ടെന്ന് വാർത്തകൾ പറയുന്നു. 

അവരെ ഒറ്റപ്പെടുത്തണം. ലഹരിക്ക് അടിമപ്പെട്ടവരെ രക്ഷിക്കണം. ലഹരി വിരുദ്ധ നിലപാട് സ്വീകരിക്കണം. ഉചിതമായ നടപടിയും വേണം.വരു.. നിങ്ങൾ കളിക്കളത്തിലേയ്ക്ക് വരു.. കായികത്തിലേയ്ക്ക് വരു.നമുക്ക് എന്നോ നഷ്ടമായ നമ്മുടെ ഗ്രാമീണ കളിയിടങ്ങളും വൈകുന്നേരങ്ങളും സജീവമാക്കു.ആരോഗ്യമുള്ള തലമുറയായ് നമുക്കെല്ലാം വളരാം.ലഹരിയാക്കേണ്ടതാണ് കായികത്തെ. നമ്മെ അപ്പാടെ നശിപ്പിക്കുന്ന ലഹരിമരുന്നിനെയും, അവയുടെ ഉപയോഗത്തെയും നമുക്ക് തള്ളിപ്പറയാം. നാടിനെ ലഹരിമുക്തമാക്കാൻ നമുക്കൊന്നിക്കാം. ലഹരി വിരുദ്ധ കാംപെയിനിൽ ഞാനും പങ്കാളിയാകുന്നു.