ധനുഷും ഐശ്വര്യയും വിവാഹ മോചനത്തിൽ നിന്ന് പിൻമാറുന്നു? റിപ്പോർട്ടുകൾ

നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന ഐശ്വര്യ രജിനികാന്ത്– ധനുഷ് ദമ്പതികളുടെ തീരുമാനം സങ്കടത്തോടെയാണ് ആരാധകർ കേട്ടത്. എന്നാൽ ആ തീരുമാനത്തിൽ നിന്ന് ഇരുവരും പിൻമാറുകയാണെന്നും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വൈകാതെ വരുമെന്നും റിപ്പോർട്ടുകളുണ്ട്. രജിനികാന്തടക്കമുള്ളവരും സുഹൃത്തുക്കളും അനുരഞ്ജനശ്രമങ്ങൾ സജീവമാക്കിയതോടെയാണ് ഇരുവർക്കുമിടയിലെ മഞ്ഞുരുകിയതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. 

ഇക്കഴിഞ്ഞ ജനുവരി 17 നാണ് വേർപിരിയുകയാണെന്ന വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വാർത്ത വന്നപ്പോൾ തന്നെ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പറഞ്ഞ് പരിഹരിക്കാവുന്ന കാര്യങ്ങളേയുള്ളൂവെന്നായിരുന്നു ധനുഷിന്റെ അച്ഛന്റെ പ്രതികരണം. വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷവും മക്കളായ യാത്രയുടേയും ലിംഗയുടേയും സ്കൂളിലെ പരിപാടികൾക്ക് ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 

6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. സൂപ്പർസ്റ്റാറിന്റെ മരുമകനെന്നത് പ്രേക്ഷക സ്വീകാര്യതയിലും ധനുഷിന് ഗുണമായി. ധനുഷുമായുള്ള ദാമ്പത്യജീവിതത്തിനൊപ്പം ഐശ്വര്യയും സിനിമയിൽ സജീവമായി. സംവിധായികയെന്ന നിലയിൽ ‘ത്രീ’ ഐശ്വര്യയ്ക്ക് അഭിനന്ദനം നേടിക്കൊടുത്ത സംരംഭമായിരുന്നു. ധനുഷായിരുന്നു നായകൻ. ധനുഷ് താരമെന്നതിനൊപ്പം നല്ല നടൻ എന്ന നിലയിലേക്കും ഇതിനോടകം ഉയർന്നിരുന്നു. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങി നിൽക്കുകയാണ് ധനുഷ്.