കാടിറങ്ങി പുഴുക്കൾ; വീട്ടുമുറ്റത്തും മതിലിലും നിറഞ്ഞു, ദേഹത്ത് വീണാൽ പണിപാളും

വിവിധ പ്രദേശങ്ങളിൽ ചൊറിയൻ പുഴു ശല്യം രൂക്ഷം. എത്രയും വേഗം പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യം.  ആനച്ചാൽ, കോട്ടപ്പുറം, തത്തപ്പിള്ളി എന്നിവിടങ്ങളിലാണു ചൊറിയാൻ പുഴുക്കൾ നിറഞ്ഞിരിക്കുന്നത്. ഈ ഭാഗത്തെ റോഡരികിലുള്ള വേലിയിലും മരത്തിലും മതിലുകളിലും വീട്ടുമുറ്റത്തും പുഴുക്കൾ കൂട്ടം കൂടിയിരിക്കുന്നതു മൂലം ആളുകൾ ബുദ്ധിമുട്ടിലാണ്. കാറ്റടിക്കുമ്പോൾ ഇവ പറന്നു ദേഹത്തേക്കു വീഴുന്നതിനാൽ കാൽനടയാത്രികരും ദുരിതത്തിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണു പുഴുക്കൾ വ്യാപകമായി കാണാൻ തുടങ്ങിയത്. തോടുകളിൽ നിന്നും മാലിന്യം നിറഞ്ഞു കിടക്കുന്ന കാടുകളിൽ നിന്നുമാണു പുഴുക്കൾ കൂട്ടമായെത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു. മഴക്കാലം മാറി വേനൽ ശക്തിയാർജിച്ച മുൻ കാലത്തും ഇത്തരത്തിൽ പുഴു ശല്യം അനുഭവപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. മണ്ണെണ്ണ തളിച്ചും തീയിട്ടുമാണു പുഴുക്കളെ നശിപ്പിക്കുന്നത്. എന്നാൽ വീണ്ടും വരുന്നതു മൂലം പലരും ബുദ്ധിമുട്ടിലാണ്.