കെച്ചപ്പുകൊണ്ട് ഐസ്ക്രീം; വിമര്‍ശനം: ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ

ഭക്ഷണത്തിലെ പല പരീക്ഷണങ്ങള‍ും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. എന്നാൽ അടുത്തിടെ നടന്ന വിചിത്ര പരീക്ഷണങ്ങൾ വൻ വിമർശനങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. അത്തരത്തിൽ ഐസ്ക്രീമിൽ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മധുരവും പുളിയും ചേർന്ന കെച്ചപ്പ് ഉപയോഗിച്ചുള്ള ഈ പുതിയ പരീക്ഷണം വൻ വിമർശനത്തിന് വിധേയമാകുന്നുണ്ട്. സെയ്ഫ് ഷവാഫ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് കെച്ചപ്പ് ഐസ്‌ക്രീമിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 970 രൂപയാണ് ഐസ്ക്രീമിന്റെ വില. കെച്ചപ്പിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് ഈ ഐസ്ക്രീം ഇഷ്ടപ്പെടുവെന്നാണ് സെയ്ഫ് പറയുന്നത്.

58 ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 1.37 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. എന്നാൽ ഈ വിഡിയോ കണ്ടശേഷം ഐസ്ക്രീം തന്നെ വെറുത്തുപോയെന്ന് ചിലർ പറയുന്നു. പഞ്ചസാരയും പാലും ചേർത്ത് തന്നെയാണ് ഈ ഐസ്ക്രീം തയ്യാറാക്കുന്നത്. എന്നാൽ ഫ്ളേവറിന് വേണ്ടി ചേർക്കുന്നത് കെച്ചപ്പാണെന്ന് മാത്രം. ഐസ്ക്രീം തയ്യാറാക്കി അത് തണുപ്പിച്ചെടുത്ത് കഴിക്കുമ്പോൾ അതിന്‍റെ കൂടെയും കെച്ചപ്പ് ചേർക്കുന്നുണ്ട്. എന്നാൽ ഐസ്ക്രീമിനെതിരെ ഐസ്ക്രീം പ്രേമികൾ രംഗത്തുവന്നു, ക്രൂരതയെന്ന് ചിലർ അഭിപ്രായപ്പെട്ടു.