66 വയസ്സുകാരി വിഴുങ്ങിയത് 55 ബാറ്ററികൾ; നടുങ്ങി ഡോക്ടർ; പിന്നീട്

അറുപത്തിയാറ് വയസ്സുള്ള സ്ത്രീയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ അൻപത്തിയഞ്ച് ബാറ്ററികൾ നീക്കം ചെയ്തു. അയർലാൻഡിൽ നിന്നാണ് ഈ കൗതുക വാർത്ത. വയറുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോഴാണ് വയറ്റിൽ ബാറ്ററികൾ കണ്ടെത്തിയത്. ഇവർ ബോധപൂർവം ബാറ്ററികൾ വിഴുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ആത്മഹത്യ ചെയ്യാൻ കണ്ടെത്തിയ മാർഗമായിരുന്നു ഈ ബാറ്ററി വിഴുങ്ങൽ. ഉരുണ്ട ആകൃതിയിലുള്ള ബാറ്ററികളാണ് ഇവർ വിഴുങ്ങിയത്. എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇവർ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. മരുന്ന് നൽകി സ്വാഭാവികമായി ബാറ്ററികൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചില്ല. ഇതോടെയാണ് ശസ്ത്രക്രിയയിലൂടെ വിഴുങ്ങിയ ബാറ്ററികൾ പുറത്തെടുത്തത്. ബാറ്ററികളുടെ കനം താങ്ങാതെ ആമാശയം തൂങ്ങിവരുന്ന സാഹചര്യവും ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഐറിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഉദ്ധരിച്ച് ഹഫ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.