പുള്ളിപ്പുലി വേട്ടയാടിയ അമ്മക്കുരങ്ങിന്റെ നെഞ്ചോട് ചേർന്ന് കുട്ടിക്കുരങ്ങ്, ഒടുവിൽ?

കാടകങ്ങളിലെ കാണാക്കാഴ്ചകൾ തേടിയാണ് സഞ്ചാരികൾ വന്യജീവി സങ്കേതങ്ങളിലേക്ക് യാത്ര തിരിക്കുന്നത്. കാട്ടിലെ കാഴ്ചകൾ എല്ലാം ആനന്ദം പകരുന്നവയായിരിക്കില്ല. പ്രത്യേകിച്ചും മൃഗങ്ങളുടെ വേട്ടകൾ. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമുണർത്തുന്നത്. പുള്ളിപ്പുലി വേട്ടയാടി കൊന്ന അമ്മക്കുരങ്ങിന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യമാണിത്.

വന്യജീവി ഫൊട്ടോഗ്രഫറായ ഷഫീഖ് മുള്ളയാണ് ഈ അപൂര്‍വ ചിത്രം പകർത്തിയത്. സുഹൃത്തുക്കൾക്കൊപ്പം സാംബിയയിലെ ലുവാങ്വാ ദേശീയ പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. അവിടുത്തെ അറിയപ്പെടുന്ന പുള്ളിപ്പുലിയായ ഒലിമ്പയുടെ വേട്ട പകർത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അതിനായി പുലർച്ചെതന്നെ വിനോദസഞ്ചാരികളുടെ സംഘം സഫാരിക്കിറങ്ങി.

ഇവരുടെ മുന്നിലേക്കാണ് വേട്ടയാടിയ വെർവെറ്റ് വിഭാഗത്തിൽപ്പെടുന്ന കുരങ്ങുമായി ഒലിമ്പയെത്തിയത്. വേട്ടയാടിയ അമ്മക്കുരങ്ങിന്റെ നെഞ്ചോട് ചേർന്ന് അതിന്റെ ജീവനുള്ള കുഞ്ഞുമുണ്ടായിരുന്നു. അപൂർവ കാഴ്ചയായിരുന്നു ഇതെന്ന് സംഘം വ്യക്തമാക്കി. ഇരയുമായി ഒലിമ്പ നേരെ പോയത് കുഞ്ഞിന്റെ അരികിലേക്കാണ്. ടാറ്റു എന്നാണ് ഒലിമ്പയുടെ കുഞ്ഞിന്റെ പേര്. നിമിഷങ്ങൾക്കകം തന്നെ കുട്ടിക്കുരങ്ങനെയും ഒലിമ്പയുടെ കുഞ്ഞ് കൊന്നുകളഞ്ഞു. വേദനാജനകമായിരുന്നു ഈ കാഴ്ചയെന്ന് ഇവർ വ്യക്തമാക്കി. അപൂർവ ചിത്രം പകർത്തി വിനോദസഞ്ചാരികളും അവിടെനിന്നു മടങ്ങി.