ഭർത്താവുമായെത്തി; കടലിൽ ഇറങ്ങി പ്രസവിച്ച് യുവതി; വിഡ്ഢിത്തമെന്ന് വിമർശനം

യാതൊരു വൈദ്യസഹായവുമില്ലാതെ കടൽ തീരത്ത് യുവതി പ്രസവിച്ച സംഭവം ആണ് ഇപ്പോൾ ചർച്ചയാകുന്നത്. നിക്കാരഗ്വയിലാണ് സംഭവം. 37–കാരിയായ ജോസി പ്യൂകേർട്ടാണ് കഴിഞ്ഞ ഫെബ്രുവരി 27–ന് കടൽതീരത്ത് എത്തി പ്രസവിച്ചത്. ആൺകുഞ്ഞിനാണ് ഇവർ ജന്മം നൽകിയത്. ഇപ്പോൾ 13 ആഴ്ച പ്രായമായ കുഞ്ഞിന് അവർ ബോധി അമോർ ഓഷ്യൻ കോർണെലിയസ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

പ്ലായ മാര്‍സെല്ല എന്ന കടൽതീരത്താണ് ജോസിയും ഭർത്താവ് ബെന്നി കോർണെലിയസും പ്രസവത്തിനായി തിരഞ്ഞെടുത്തത്. വേദന തുടങ്ങിയതോടെ മറ്റ് നാല് മക്കളെയും കൂട്ടുകാരന്റെ വീട്ടിലാക്കി ഇവർ കടൽതീരത്ത് എത്തി. ടവ്വലുകളും പേപ്പർ ടവ്വലുകളും നേർത്ത തുണികളും മറുപിള്ള ശേഖരിക്കാനായി അരിപ്പ പോലെയുള്ള പാത്രവും കരുതി. തന്റെ പ്രവസത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ജോസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

'കടല്‍ത്തീരത്ത് പ്രസവിക്കുക എന്നത് സ്വപ്‌നമായിരുന്നു. അതു സാക്ഷാത്കരിച്ചു. അന്നത്തേത് ശരിയായ സാഹചര്യമായിരുന്നു. പ്രസവ സമയത്തെ സങ്കോചങ്ങളുടെ അതേ താളമായിരുന്നു തിരമാലകള്‍ക്കുണ്ടായിരുന്നത്. ആ സുഗമമായ ഒഴുക്ക് എന്നെ ശരിക്കും സുഖപ്പെടുത്തി. കുഞ്ഞിന് ജലദോഷമോ അണുബാധയോ ഒന്നുമുണ്ടായില്ല. സൂര്യപ്രകാശം ധാരാളമുള്ള ഉച്ച നേരത്തായിരുന്നു പ്രസവം. കുഞ്ഞിനെ ടവ്വലില്‍ പൊതിഞ്ഞ് ഭര്‍ത്താവിനെ ഏല്‍പ്പിച്ച ശേഷം ഞാന്‍ തിരിച്ചു കടലില്‍ പോയി എല്ലാം വൃത്തിയാക്കി. പിന്നീട് വസ്ത്രം ധരിച്ചു. 

വീട്ടിലേക്ക് തിരികെയെത്തി. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാള്‍ വരുമ്പോള്‍ എന്നെ ഒരു ഭയവും ബാധിച്ചിരുന്നില്ല. ഞാനും എന്റെ പങ്കാളിയും കടല്‍തീരവും മാത്രമുള്ള നിമിഷം. അതൊരിക്കലും മറക്കാനാകില്ല. ആകാശത്തിനും ഭൂമിക്കുമിടയില്‍ ജീവന്‍ മാത്രമാണുള്ളതെന്ന് ആ മണല്‍തരികള്‍ എന്നെ ഓര്‍മിപ്പിച്ചു'. ദി മിററിന് നൽകിയ അഭിമുഖത്തിൽ ജോസി പറയുന്നു. എന്നാൽ വൈദ്യ സഹായമില്ലാതെ പ്രസവം നടത്തിയതിൽ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വിഡ്ഢിത്തമാണ് ഇതെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.‌‍