അണുബോംബിനു മാത്രമേ പുതിയ സ്കോർപിയോയെ തകർക്കാനാവൂ; മുന്നറിയിപ്പുമായി ആനന്ദ് മഹീന്ദ്ര

കാത്തിരിപ്പുകൾക്ക് അവസാനം. പുതിയ മഹീന്ദ്ര സ്കോർപിയോ-എൻ ഇന്ത്യൻ വിപണിയിലെത്താൻ ഒരുങ്ങിയിരിക്കുകയാണ്. പുതിയ വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒഫീഷ്യൽ ടീസറുമെല്ലാം പുറത്ത് വന്നുകഴിഞ്ഞു. സ്വാഭാവികമായും ട്രോളുകളും ഇറങ്ങുമല്ലോ. ഇന്ത്യൻ സിനിമകളിലെ ആക്ഷൻ സീനുകളിൽ ടാറ്റ സുമോയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സ്കോർപിയോ വാഹനങ്ങൾ ആണ്. ചേസിങ്ങിനും പൊട്ടിത്തെറിയ്ക്കാനും ഒക്കെ ഇത്തരം വാഹനങ്ങൾ സിനിമകളിൽ ഉപയോഗിക്കാറുണ്ട്.

ഇത്തരം രംഗങ്ങൾ സംവിധാനം ചെയ്യാൻ മിടുക്കനാണ് ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടി. പുതിയ സ്‌കോര്‍പിയോയുടെ ടീസര്‍ വന്നതിന് പിന്നാലെ വാഹനത്തിന്റെ ചിത്രവും അദ്ദേഹവുമായി ബന്ധിപ്പിച്ച് നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. ഒടുവില്‍ ഇത്തരത്തിലുള്ള ഒരു രസകരമായ ട്രോളിനു മറുപടി നൽകിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മിസ്റ്റര്‍ രോഹിത് ഷെട്ടി പുതിയ സ്‌കോര്‍പിയോ നിങ്ങള്‍ക്ക് കത്തിക്കണമെങ്കില്‍ ഒരു അണുബോംബ്‌ തന്നെ വേണ്ടി വരുമെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ രസകരമായി കുറിച്ചിരിക്കുന്നത്. രോഹിത് ഷെട്ടിയെ പരാമര്‍ശിച്ചുള്ള ട്രോള്‍ ചിത്രം പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നതും.

പുതിയ സ്‌കോർപിയോ-എൻ-ന് ലഭിച്ച ക്രാഷ് ടെസ്റ്റ് റേറ്റിംഗിനെക്കുറിച്ച് ആനന്ദ് മഹീന്ദ്ര വ്യക്തമായിട്ടില്ലെങ്കിലും, കാറിന്റെ ബിൽഡ് ക്വാളിറ്റിയെക്കുറിച്ചാണ് അദ്ദേഹം പരോക്ഷമായി പറഞ്ഞുവെക്കുന്നത്.