റോഡിലെ തർക്കം പകയായി; ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് എസ്‍യുവി ഡ്രൈവർ; വിഡിയോ

റോഡിലെ തർക്കത്തിനൊടുവിൽ ബൈക്കുകാരനെ തട്ടിയിട്ട് കടന്നുകളഞ്ഞ എസ്‍യുവി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. സൗത്ത് ഡൽഹിയിലെ അർജൻ ഗഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടി.

ഐപിസി 307 പ്രകാരം ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. ബൈക്ക് യാത്രക്കാരൻ സുഹൃത്തുക്കൾക്കൊപ്പം ഗുരുഗ്രാമിലേക്കു പോകുമ്പോഴാണ് അപകടം. അമിതവേഗത്തിലെത്തിയ സ്കോർപിയോ കാറിന്റെ ഡ്രൈവറുമായി ബൈക്ക് യാത്രക്കാർ തർക്കിക്കുകയും ഇതിന്റെ പ്രതികാരം കാറിന്റെ ഡ്രൈവർ ബൈക്ക് യാത്രക്കാരനോട് തീർക്കുകയുമായിരുന്നു.

സ്കോർപിയോ കാർ ഡ്രൈവർ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു. പിന്നീട് കാ‌ർ ബൈക്കിനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞു. നിയന്ത്രണംവിട്ട ബൈക്കിൽ നിന്നു യാ‌‌ത്രികൻ തെറിച്ചുവീണെങ്കിലും സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ട് മാത്രമാണ് ബൈക്കുകാരന് ജീവൻ തിരിച്ചു കിട്ടിയതെന്ന് വിഡിയോ കണ്ടാൽ മനസ്സിലാകും. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഫത്തേപ്പുർ ബേരി പൊലീസാണു സ്വ‌മേധയാ കേസ് റജിസ്റ്റർ ചെയ്തത്.