സ്കൂളിനടുത്ത് പറന്നിറങ്ങി പറക്കുംതളിക: സാക്ഷി പറഞ്ഞ് 62 വിദ്യാർഥികൾ

സിംബാബ്‌വെയിൽ സ്കൂളിനു സമീപമുള്ള കൃഷിയിടത്തിൽ പറക്കുംതളികയുടെ രൂപത്തിലുള്ള പേടകം 1994 ഇറങ്ങിയതായി അന്നു സ്കൂൾ കുട്ടികളായിരുന്ന 62 പേരുടെ സാക്ഷ്യപ്പെടുത്തൽ. ഇത്രയും ആളുകൾ ഒരുമിച്ച് സാക്ഷി പറയുന്നതിനാൽ സംഭവം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സാധാരണഗതിയിൽ യുഎഫ്ഒ ദൃശ്യമാകുന്ന സംഭവങ്ങളെല്ലാം അമേരിക്കയിലും പാശ്ചാത്യലോകത്തും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തതെന്നത് മറ്റൊരു സവിശേഷത.

28 വർഷം മുൻപ് 1994 സെപ്റ്റംബർ 16ന് ആണ് തങ്ങൾ പറക്കുംതളിക പറന്നിറങ്ങിയത് നേരിട്ടു കണ്ടതെന്ന് വിദ്യാർഥികൾ പറയുന്നു. മാസ് ഹിസ്റ്റീരിയ എന്ന അവസ്ഥയാണ് ഇതിനു കാരണമെന്നും ഈ വാദത്തിൽ കഴമ്പില്ലെന്നുമൊക്കെ പലരും വാദിക്കുമ്പോഴും അന്നു കുട്ടികളായിരുന്നവർ വാദത്തിൽ ഉറച്ചുനിൽക്കുന്നു. ഏരിയൽ ഫിനോമിനൻ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഭാഗമായാണ് ഈ സംഭവത്തിനു ദൃക്സാക്ഷികളായവരുമായി അഭിമുഖം നടത്തിയത്.

സിംബാബ്വെയിലെ റൂറൽ ഏരിയൽ സ്കൂളിലാണ് ഈ വിദ്യാർഥികൾ എല്ലാവരും പഠിച്ചിരുന്നത്. രാവിലെ പത്തുമണിക്കുള്ള ഇന്റർവെൽ സമയത്താണ് ഇവർ പുറത്തിറങ്ങിയത്. ഇവരുടെ അധ്യാപകർ അപ്പോൾ മീറ്റിങ്ങിലായിരുന്നു. ആറിനും പന്ത്രണ്ടിനുമിടയി‍ൽ പ്രായമുള്ളവരായിരുന്നു ഈ വിദ്യാർഥികൾ.

പതിനഞ്ചുമിനിറ്റോളം സമയം തങ്ങൾ പറക്കും തളിക പോലുള്ള പേടകം അടുത്തുള്ള വലിയ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് കണ്ടെന്ന് അന്നത്തെ ആ വിദ്യാർഥികൾ പറയുന്നു. വെള്ളികൊണ്ട് നിർമിച്ച ഒരു തളികയുടെ ആകൃതിയായിരുന്നത്രേ പേടകത്തിന്. അർധമനുഷ്യ രൂപമുള്ള ഏതോ ജീവികളും അതിൽ നിന്നിറങ്ങിയതായി വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. 

ഇക്കാര്യം കുട്ടികൾ പിന്നീട് അധ്യാപകരെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നു. അന്നത്തെ കാലത്ത് ചില രാജ്യാന്തര മാധ്യമങ്ങളിലും ഇതു പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ഹാർവഡ് സർവകലാശാലയിലെ സൈക്യാട്രി വിദഗ്ധനായ ഡോ. ഡോൺ മാക്ക് ഈ വിദ്യാർഥികൾക്കു സമീപമെത്തി അഭിമുഖ സംഭാഷണവും നടത്തി. വിദ്യാർഥികൾ പറയുന്നത് തികച്ചും വിശ്വസനീയമായ കാര്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ചില വിദ്യാർഥികൾ അന്നു തങ്ങൾ കണ്ട തളികയുടെയും രൂപങ്ങളുടെയും ചിത്രങ്ങളും പെൻസിൽ  ഉപയോഗിച്ച് വരച്ചിട്ടുണ്ടത്രേ..