ഒരു കാറിന്റെ വില 1108 കോടി രൂപ; ഈ ബെൻസ് ലോകത്തിൽ ഏറ്റവും വിലയുള്ള വാഹനം

ഒരു കാറിന്റെ വില 135 ദശലക്ഷം യൂറോ (ഏകദേശം 1108 കോടി രൂപ). ഒരു വിമാനം വാങ്ങാനുള്ള കാ‌‌ശുകൊടുത്ത് കാർ വാങ്ങുകയോ?. ആർ‌എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിലാണ് 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ എന്ന കാർ 1108 കോടി രൂപയ്ക്ക് വിറ്റുപോയത്. 

എന്താണ് ഈ കാറിന്റെ പ്രത്യേകത എന്നല്ലേ? ലോകത്ത് ഈ മോഡൽ കാർ രണ്ടെണ്ണം മാത്രമേ നിർമിച്ചിട്ടുള്ളു. ബെൻസിന്റെ ചീഫ് എൻജിനീയറായ റുഡോൾഫ് ഉലെൻഹോട്ട് ആണ് മെഴ്സിഡീസ് ബെൻസ് മോട്ടർറേസിങ് ഡിപ്പാർട്ട്മെന്റിന് വേണ്ടി ഈ വാഹനം രൂപകൽപന ചെയ്തത്. രണ്ട് ലോക ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയ ഡബ്ല്യു 196 ആർ എന്ന റേസ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോട്ടോടൈപ് നിർമിച്ചത്. അടുത്ത മത്സരത്തിൽ പുതിയ കാറിനെ ഇറക്കാനായിരുന്നു പദ്ധതിയെങ്കിലും 1955 ല്‍ നടന്ന ‘24 അവർ ലേമാൻസ്’ മത്സരത്തിനിടയിലുണ്ടായ അപകടത്തിനു ശേഷം ബെൻസ് കാറോട്ട മത്സരങ്ങളിൽനിന്ന് പിൻവാങ്ങിയത് ഈ കാറിനെ ട്രാക്കിൽനിന്ന് അകറ്റി. 

രണ്ടു കാറിൽ ഒന്ന് റുഡോൾഫ് ഉലെൻഹോട്ട് കുറച്ചു കാലം ഉപയോഗിച്ചിരുന്നു. ആ വാഹനമാണ് റെക്കോർഡ് തുകയ്ക്ക് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നത്. രണ്ടാമത്തെ വാഹനം ബെൻസിന്റെ ഉടമസ്ഥതയിൽത്തന്നെ തുടരും. അതുവരെ മറ്റു വാഹനനിര്‍മാതാക്കള്‍ സ്വപ്നംപോലും കാണാതിരുന്ന സാങ്കേതികത വിദ്യകളോടെയാണ്  300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ നിർമിച്ചത് എന്നാണ് ബെൻസ് പറയുന്നത്. മൂന്നു ലീറ്റർ എട്ടു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.302 പിസ് കരുത്തുള്ള വാഹനത്തിന് ഉയർന്നവേഗം മണിക്കൂറിൽ 289 കിലോമീറ്ററാണ്.

മേയ് അഞ്ചിന് മെഴ്സിഡീസ് മ്യൂസിയത്തിലാണ് കാറിന്റെ ലേലം നടന്നത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ശതകോടീശ്വരനാണ് കാർ സ്വന്തമാക്കിയതെന്ന് ലേലക്കമ്പനി പറയുന്നു. ലേലത്തില്‍ ലഭിച്ച തുക മെഴ്സിഡീസ് ബെന്‍സ് ഫണ്ടിലേക്കാണ് പോകുന്നതെന്ന് കമ്പനി അറിയിച്ചു. പ്രത്യേക സന്ദർഭങ്ങളിൽ  വാഹനം ബെൻസ് മ്യൂസിയത്തിൽ പ്രദർശനത്തിന് എത്തിക്കും എന്ന നിബന്ധനയോടെയാണ് ഉടമ വാഹനം സ്വന്തമാക്കിയത്. ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽപോകുന്ന കാറായി മാറി മെഴ്സിഡീസ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പേ. ഇതിനു മുമ്പ് ഏറ്റവും വില കൂടിയ കാർ എന്ന പേര് 1962 മോഡല്‍ ഫെരാരി 250 ജിടിഒയ്ക്കായിരുന്നു 2018-ല്‍ ലേലത്തില്‍വച്ച കാറിന് ലഭിച്ചത് ഏകദേശം 503 കോടി രൂപയായിരുന്നു (52 ദശലക്ഷം യൂറോ).