ആണായി മാറിയ പെൺകുട്ടി വീണ്ടും പെൺശരീരത്തിലേക്ക് മടങ്ങുന്നു; കാരണം..;

ആലിയ ഇസ്മയിൽ ജനിച്ചത് ഒരു പെൺ ശരീരത്തിലാണ്. എന്നാൽ കൗമാരത്തിലേക്ക് കടക്കുമ്പോഴേക്കും തന്റെ ശരീരത്തിൽ അവൾ അസ്വസ്ഥയായിരുന്നു. ഒട‍ുവിൽ 18ാമത്തെ വയസ്സിലാണ് അവൾ പുരുഷനിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്.ലിംഗമാറ്റം നടത്തുകയും ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കാൻ പുരുഷ ഹോർമോണുകൾ സ്വീകരിക്കുകയും ഇരട്ട മാസ്റ്റെക്ടമിക്ക് വിധേയയാവുകയും ചെയ്ത് അവൾ ആൺ ജീവിതം ആരംഭിച്ചു. പിന്നീട് പുരുഷ നാമത്തിലും പുരുഷവസ്ത്രങ്ങളിലുമാണ് ആലിയ ഇതുവരെ ജീവിച്ചത്. എന്നാലിപ്പോൾ വീണ്ടും പെൺ മനസ്സിലേക്കും ശരീരത്തിലും മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ 27 വയസ്സുള്ള ആലിയ. ഏറെ കഷ്ടപ്പെട്ട് നേടിയ പുരുഷ വ്യക്തിത്വം തന്റെ യതാർഥ അസ്ഥിത്വത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന തിരിച്ചറിവാണ് ആലിയയെ മടങ്ങിപ്പോകാനുള്ള തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.

ഇതോടെ ആലിയ പുരുഷ ഹോർമോൺ മരുന്നുകളുടെ ഉപയോഗം നിർത്തി.യഥാർഥ പേര് തന്നെ ഉപയോഗിക്കാനും തുടങ്ങി. പുരുഷ ഹോർമോണുകൾ കഴിക്കുന്നത് നിർത്തിയതോടെ 27കാരിയുടെ ടെസ്റ്റോസ്റ്റിറോൺ ഗണ്യമായി കുറഞ്ഞു.എന്നാൽ ഈസ്ട്രജന്റെ അളവ് അതുപോലെ തന്നെ തുടർന്നു.ആദ്യമായി സ്വവർഗ്ഗാനുരാഗിയായി പുറത്തിറങ്ങിയപ്പോഴും കുടുംബം ഏറെ പിന്തുണ തന്നിരുന്നുവെന്ന് ആലിയ പറയുന്നു. അമ്മ തന്റെ വികാരങ്ങൾ നന്നായി മനസ്സിലാക്കി.അതേസമയം അന്ന് പരുഷനായി മാറാനുള്ള ശസ്ത്രക്രിയ നടത്തിയതോ ഹോർമോണുകൾ എടുത്തതിലോ താൻ ദുഃഖിക്കുന്നില്ലെന്നും ആലിയ പറയുന്നു:

“ഞാൻ ഇന്നുള്ള വ്യക്തിയെ സ്വയം കണ്ടെത്താനുള്ള എന്റെ ജീവിതത്തിലെ ഒരു സുപ്രധാന സമയമായിരുന്നു അത്. എന്റെ കുടുംബവും ഇക്കാര്യത്തിൽ നിഷ്പക്ഷരായി നിന്നു. അജ്ഞാതമായ ഈ യാത്രയിലൂടെ വീണ്ടും കടന്നുപോകാൻ ഞാൻ ശക്തനാണെന്ന് അവർക്കറിയാമായിരുന്നു, എന്നോടുതന്നെ സത്യസന്ധത പുലർത്തിയതിൽ അഭിമാനിക്കുകയും ചെയ്തു. " ആലിയ പറഞ്ഞു.തന്റെ പരിണാമങ്ങൾ സംബന്ധിച്ച് എപ്പോഴും തുറന്ന് പറയുന്ന 27കാരി ഇതേ പ്രശ്‌നം നേരിടുന്ന മറ്റുള്ളവരെ സഹായിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്.