പാമോയിൽ തോട്ടത്തിൽ 13 അടിയുള്ള രാജവെമ്പാല! , സംഭവിച്ചത്..;

പാമ്പെന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് കടന്നുവരിക ഭയമാണ്. അപ്പോൾ രാജവെമ്പാല എന്ന് കേൾക്കുമ്പോഴോ? ആരും ഒന്ന് കിടുങ്ങും. ആന്ധ്രാപ്രദേശിലെ ഒരു പാമോയിൽ തോട്ടത്തിൽ കയറിക്കൂടിയ ആൾ അത്ര ചില്ലറക്കാരനുമല്ല. 13 അടി നീളമുള്ള ഒരു രാജവെമ്പാല! ഘട്ട് റോഡിലൂടെ പോവുകയായിരുന്ന സൈദ്റാവു എന്ന കർഷകനാണ് ഭീമൻ രാജവെമ്പാല തോട്ടത്തിലേക്ക് ഇഴഞ്ഞുകയറിയത് കണ്ടത്. ഉടൻ തന്നെ പാമ്പുപിടിത്തക്കാരനും ഈസ്റ്റേൺ ഘട്ട് വൈൽഡ്‌ലൈഫ് സൊസൈറ്റിയിലെ ജീവനക്കാരനുമാനായ വെങ്കടേഷിനെ വിവരമറിയിച്ചു. വെങ്കിടേഷ് ഉടൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി ബാഗിനുള്ളിലാക്കി സമീപത്തുള്ള വനത്തിൽ കൊണ്ടുപോയി സ്വതന്ത്രനാക്കി.

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളും ഉൾവനങ്ങളുമാണ് പൊതുവേ രാജവെമ്പാലകൾക്ക് പഥ്യം. 20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. വിഷവീര്യത്തിൽ മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാല പിന്നിൽ ആണെങ്കിലും ഒരു കടിയിൽ കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് വളരെ വലുതായതിനാൽ വേഗം മരണം സംഭവിക്കുന്നു. ഈ വിഷത്തിനു ഏകദേശം 20 പേരെയൊ അല്ലെങ്കിൽ ഒരു ആനയെയൊ കൊല്ലാൻ സാധിക്കും. തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. താൻ അപകടത്തിലാണെന്നു  തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ. അതേസമയം, മുട്ടയ്ക്ക് കാവലിരിക്കുന്ന കാലത്ത് ഇവ പരിസരത്തെത്തുന്ന ആരെയും അതിവേഗം ആക്രമിക്കും.