17,000 പ്രകാശവർഷം അകലെ വ്യാഴത്തിനുണ്ടൊരു അപരൻ..!: കണ്ടെത്തലുമായി ശാസ്ത്രജ്‌ഞർ

വ്യാഴത്തിൻറെ അപരനെ കണ്ടെത്തി ജ്യോതിശാസ്ത്രജ്‌ഞർ. ഭൂമിയിൽ നിന്നും 17,000 പ്രകാശവർഷം അകലെയാണ് ഈ അപരൻ ഒരു നക്ഷത്രത്തെ വലംവയ്ക്കുന്നത്. K2-2016-BLG-0005Lb എന്നാണ് ഈ എക്സോപ്ലാനറ്റിന് (സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം) ശാസ്ത്രജ്‌ഞർ നൽകിയിരിക്കുന്ന പേര്. പിണ്ഡത്തിന്റെ കാര്യത്തിൽ ഇത് വ്യാഴത്തിന് സമാനമാണ്. K2-2016-BLG-0005Lb ന് വ്യാഴത്തിന്റെ 1.1 മടങ്ങ് പിണ്ഡമുണ്ടെങ്കിൽ, അത് വലംവയ്ക്കുന്ന നക്ഷത്രത്തിന് സൂര്യന്റെ 60 ശതമാനം പിണ്ഡമുണ്ട്.

സൂര്യനും വ്യാഴവും തമ്മിലുള്ള അതേ ദൂരമാണ് വ്യാഴത്തിൻറെ അപരനും വലംവയ്ക്കുന്ന നക്ഷത്രവും തമ്മിലുള്ളത്. K2-2016-BLG-0005Lb നക്ഷത്രത്തിൽ നിന്ന് ഏതാണ്ട് 420 മില്യൺ മൈലുകൾ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം സൂര്യനും വ്യാഴവും തമ്മിലുള്ള ദൂരമാകട്ടെ 462 മില്യൺ മൈലുകളാണ്.

ധനു രാശിയിലാണ് ഈ ഗ്രഹവും നക്ഷത്രവും സ്ഥിതി ചെയ്യുന്നത്. 2016-ൽ നാസയുടെ കെപ്ലർ സാറ്റലൈറ്റ് ടെലിസ്‌കോപ്പിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. ക്ഷീരപഥത്തിൽ 2700-ലധികം ഗ്രഹങ്ങളെ ടെലിസ്‌കോപ്പിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കെപ്ലർ കണ്ടെത്തിയിട്ടുള്ളതിൽ വച്ചേറ്റവും അകലെയുള്ള ഗ്രഹമാണ് K2-2016-BLG-0005Lb.

ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും (Theory of Relativity) ഗ്രാവിറ്റേഷൻ മൈക്രോലെൻസിങ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്രജ്‌ഞർ K2-2016-BLG-0005Lb കണ്ടെത്തിയത്. റോയൽ അസ്‌ട്രോണമിക്കൽ സൊസൈറ്റിയുടെ മൻത്‌ലി നോട്ടീസിൽ ഇതു സംബന്ധിച്ച വിശദവിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പ്രീ പ്രിന്റായി ArXiv.org ലും വിവരങ്ങൾ ലഭ്യമാണ്. മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ ഡേവിഡ് സ്‌പെക്റ്റ് ആണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

മൈക്രോലെൻസിംഗ് രീതി ഉപയോഗിച്ച് എക്സോപ്ലാനറ്റ് കണ്ടെത്തുന്നതിനായി 2016 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കെപ്ലറിന്റെ ഡാറ്റ ഗവേഷകർ പരിശോധിച്ചു. ഒരു എക്സോപ്ലാനറ്റും അത് വലയം ചെയ്യുന്ന നക്ഷത്രവും നേർരേഖയിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്തുകയായിരുന്നു പ്രധാനലക്ഷ്യം.