‘ഭാവിയിൽ കേരളവും സൊമാലിയയും കൂടിച്ചേരും’: പുതിയ പഠനവുമായി ശാസ്ത്രജ്ഞർ

20 കോടി വർഷങ്ങൾക്കപ്പുറമുള്ള ഭാവിയിൽ കേരളവും സൊമാലിയയും ഒരേ കരഭാഗത്താൽ യോജിക്കപ്പെടുമെന്നു പഠന റിപ്പോർട്ട്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, കെനിയ, ടാൻസാനിയ, മഡഗാസ്‌കർ എന്നിവയടങ്ങിയ കരഭാഗം ആഫ്രിക്കൻ വൻകരയുമായി പൊട്ടിമാറി സമുദ്രത്തിലൂടെ നീങ്ങി പടിഞ്ഞാറൻ ഇന്ത്യൻ തീരവുമായി കോർക്കുന്നതോടെയാണ് ഇതു സംഭവിക്കുകയെന്ന് നെതർലൻഡ്‌സിലെ യൂട്രെക്ട്റ്റ് സർവകലാശാസ്ത്രജ്ഞനായ പ്രഫ. ഡൂ വാൻ ഹിൻസ്‌ബെർഗെന്റെ കീഴിലുള്ള ഗവേഷക സംഘം ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിതമായ സിമുലേഷൻ പഠനത്തിലൂടെ കണ്ടെത്തി. 

പഠനഫലങ്ങൾ അമേരിക്കൻ ജേണൽ ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങൾ പഠിച്ചാണ് ഈ പ്രവചനത്തിലേക്കു ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്. വിദൂരഭാവിയിൽ നടക്കുന്ന ഈ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പർവത റേഞ്ചുകളിലൊന്ന് ഇന്ത്യയ്ക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കുമിടയിൽ ഉടലെടുക്കുമെന്നും ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. സോമാലയ എന്നാണ് ഈ പർവത റേഞ്ചിന് അവർ നൽകിയിരിക്കുന്ന പേര്.  തിരുവനന്തപുരം മുതൽ മുംബൈ വരെയുള്ള നഗരങ്ങൾ ഈ പർവതമേഖലയുടെ താഴ്‌വരയിലാകും അന്നു സ്ഥിതി ചെയ്യുക.