അമിതശബ്ദത്തിൽ ഡിജെ സംഗീതം; 63 കോഴികൾ ഹൃദയംപൊട്ടി മരിച്ചു; പരാതി

വിവാഹച്ചടങ്ങുകൾ എപ്പോഴും ശബ്ദഘോഷങ്ങളുടെയും ആഘോഷങ്ങളുടെയും കൂടിയാണ്. നൃത്തവും സംഗീതവുമൊക്കെ വിവാഹവേദികളിൽ ഒഴിച്ചുകൂടാനാകാത്തവയുമാണ്. എന്നാൽ ഉച്ചത്തിലുള്ള സംഗീതം അതിഥികളെ സന്തോഷിപ്പിച്ചേക്കാമെങ്കിലും ചിലപ്പോൾ മറ്റു പലർക്കും അത് അസ്വസ്ഥത ഉണ്ടാക്കാം എന്നതിന് തെളിവാണ് ഒഡിഷയിലെ ഒരു കോഴിക്കർഷകന്റെ പരാതി.ഒഡിഷയിലെ ബലാസോർ ജില്ലയിലെ പൗൾട്രി ഫാം ഉടമയാണ് പരാതിക്കാരൻ. ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതം തന്റെ 63 കോഴികളെ കുരുതി കൊടുത്തെന്നാണ് രഞ്ജിത്ത് പരീദ ഹിന്ദുസ്ഥാൻ ടൈംസിനോട് വെളിപ്പെടുത്തിയത്.

വരനെ വരവേൽക്കുന്ന ചടങ്ങിനിടെയുണ്ടായ അമിത ശബ്ദസംഗീതം കേട്ട് തന്റെ ഫാമിലെ 2000ത്തോളം കോഴികളും പേടിച്ചരണ്ടു. ഇത് കണ്ട് വിവാഹത്തിന് പങ്കെടുത്തവരോട് ശബ്ദം കുറയ്ക്കാൻ അഭ്യർത്ഥിച്ചെങ്കിലും മദ്യലഹരിയിലായിരുന്നവർ മോശമായാണ് പ്രതികരിച്ചത്. ഇതിനിടെ ചകിതരായ കോഴികൾ ഫാമിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങുകയും ഒരു മണിക്കൂറിനുള്ളിൽ 63 കോഴികൾ ഹൃദയസ്തംഭനം വന്ന് ജീവൻ വെടിയുകയുമായിരുന്നെന്ന് പരീദ പറയുന്നു.  ഉച്ചത്തിലുള്ള ശബ്ദം പക്ഷികളിൽ ഞെട്ടലുണ്ടാക്കുമെന്നും ഇത് മരണത്തിന് കാരണമായേക്കാമെന്നും പ്രദേശത്തെ വെറ്ററിനറി ഡോക്ടറും പറഞ്ഞതോടെയാണ് പരീദ നഷ്ടപരിഹാരം  ആവശ്യപ്പെട്ട് അയൽവാസിയായ രാമചന്ദ്ര പരീദയെ സമീപിച്ചത്.

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണ് എന്നായിരുന്നു അയൽവാസിയുടെ പ്രതികരണം. കോഴികളെ ഒരു സ്ഥലത്തുനിന്ന് മറ്റിടങ്ങളിലേക്ക് റോഡ് മാർഗം കൊണ്ടുപോകുമ്പോൾ ഹോൺ ശബ്ദം കേട്ട് ഒന്നും സംഭവിക്കുന്നില്ലെങ്കിൽ പിന്നെ ഡിജെ സംഗീതം കേട്ട് എങ്ങനെ മരണം സംഭവിക്കുമെന്നാണ് ഇയാളുടെ വാദം. ഏതായാലും ബലാസോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് കർഷകൻ.