ആരും ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും സൂസി കാവലുണ്ട്; ഐസ്ക്രീം പെരുത്ത ഇഷ്ടം

തണ്ണിത്തോട് : അടവിയുടെ അരുമയാണ് സൂസി. ആരും ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും പരാതിയും പരിഭവുമില്ലാതെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ കാവൽ സ്വയം ഏറ്റെടുക്കുകയായിരുന്നു. സഞ്ചാരികൾക്ക് ഒപ്പം കൂട്ടുകൂടുന്നതിനും ഫോട്ടോ എടുക്കുന്നതിനും സൂസിക്ക് മടിയില്ല. കുട്ടികളെയാണ് ഏറെ ഇഷ്ടം. ഐസ്ക്രീം കിട്ടിയാൽ പെരുത്ത സന്തോഷം. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കാവൽക്കാരിയായി മാറിയ സൂസി എന്ന നായ ഏകദേശം 6 മാസം പ്രായമുള്ളപ്പോൾ ഇവിടെ എത്തിയതാണ്. വർഷങ്ങൾ കഴിഞ്ഞതോടെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രിയങ്കരിയായി.

ആരോടും ഇണങ്ങുന്ന നായയ്ക്ക് തുഴച്ചിലുകാർ നൽകിയതാണ് സൂസി എന്ന പേര്.  സങ്കരയിനത്തിൽപ്പെട്ട നായ്ക്കുട്ടിയെ കണ്ട് മോഹിച്ച് സമീപ മേഖലയിലുള്ള പലരും വീട്ടിൽ വളർത്തുന്നതിനായി മുൻപ് കൊണ്ടുപോയെങ്കിലും അവരെ വെട്ടിച്ച് തിരികെ എത്തുകയായിരുന്നു. ‘സൂസി’ എന്ന് വിളിച്ചാൽ ഇപ്പോൾ ആരുടെയും അടുത്ത് ഓടിയെത്തും. വാലാട്ടി സ്നേഹം പ്രകടിപ്പിച്ച് മുട്ടിയുരുമ്മി നിൽക്കും. എന്നാൽ കുട്ടവഞ്ചി സവാരി കേന്ദ്രം വൈകിട്ട് അടച്ചുകഴിഞ്ഞാൽ പരിചയമില്ലാത്ത ആരെയും ഇവിടേക്ക് അടുപ്പിക്കുകയില്ല. രാത്രിയിൽ കാട്ടുമ‍ൃഗങ്ങൾ പരിസരത്ത് എത്തിയാൽ കുരച്ച് രാത്രി കാവൽക്കാരെ വിവരം അറിയിക്കും.

പകലും രാത്രിയും കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും കടവിലും പരിസരത്തുമായി കറങ്ങി നടക്കും. സഞ്ചാരികൾ ഉപദ്രവിച്ചാൽ പോലും ക്ഷമയോടെ മാറിപ്പോകും. മുൻപ് ഇവിടെ എത്തിയ സഞ്ചാരികളിൽ ഒരാൾ മൊബൈൽ ഫോണിൽ സെൽഫി എടുക്കുമ്പോൾ അറിയാതെ ഷൂവിട്ട് സൂസിയുടെ കാലിൽ ചവിട്ടി. കുരച്ച് പ്രതിഷേധിക്കാൻ പോലും സൂസി തയാറായില്ലെന്നത് അന്ന് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. തുഴച്ചിലുകാരും രാത്രി കാവൽക്കാരും നൽകുന്നതും ഇവിടെയുള്ള വനശ്രീ കഫേയിൽ നിന്നുമാണ് സൂസിയുടെ ഭക്ഷണം. കടവിലെ മുളം ചങ്ങാടത്തിൽ വരെ സഞ്ചാരികളെ അനുഗമിക്കുമെങ്കിലും കുട്ടവഞ്ചിയിൽ കയറാൻ സൂസിക്ക് താൽപര്യമില്ല.