പശുക്കൾക്ക് നക്ഷത്ര സൗകര്യങ്ങൾ: പാൽക്ഷമത കൂടും; ക്ഷീരകർഷകന്റെ വിജയസമവാക്യം

പശുക്കളുടെ പാല്‍ ക്ഷമത കൂട്ടാന്‍ ഫാമിനകത്ത് ഫാനും മിസ്റ്റും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയ ക്ഷീരകര്‍ഷകനാണ് പി.ജെ. ജോര്‍ജ് കുട്ടി. തൃശൂര്‍ കിള്ളിമംഗലം കുളമ്പിലാണ് ഈ വേറിട്ട ഫാം. സംസ്ഥാനത്തെ മികച്ച സമ്മിശ്ര കര്‍ഷക ജേതാവ് കൂടിയാണ്. 

പി.ജെ. ജോര്‍ജ്കുട്ടിയുടെ പശുഫാമില്‍ നക്ഷത്ര സൗകര്യങ്ങളാണ് പശുക്കള്‍ക്ക്. വെള്ളം സ്പ്രേ ചെയ്യാന്‍ പ്രത്യേക സംവിധാനം. പിന്നെ, ഒരു ഡസന്‍ ഫാനുകളും പശുക്കള്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്. നല്ല സൗകര്യങ്ങള്‍ നല്‍കിയാല്‍ പശുക്കളുടെ പാല്‍ കൂടുതല്‍ കിട്ടുമെന്നായിരുന്നു വിദഗ്ധ ഉപദേശം. ഇതു പരീക്ഷിച്ച് യാഥാര്‍ഥ്യമാക്കി പി.ജെ.ജോര്‍ജ്കുട്ടി. പത്തേക്കറിലാണ് വേറിട്ട കൃഷി രീതികള്‍. നാല്‍പതിലേറെ പശുക്കള്‍, നൂറിലേറെ ആടുകള്‍, പിന്നെ, പോത്ത് ഇതിനെല്ലാം പുറമെ മല്‍സ്യകൃഷിയും നെല്‍കൃഷിയും. ഓരോ കൃഷിയും പരസ്പരം ബന്ധപ്പെടുത്തി ജോര്‍ജ് കുട്ടി നടത്തിയ പരീക്ഷണം വിജയം കണ്ടു. 

സംസ്ഥാനത്തെ മികച്ച സമ്മിശ്ര കര്‍ഷക ജേതാവായി. ആറ് ഏക്കറിൽ നെൽ കൃഷിയും മൂന്ന് ഏക്കറിൽ പുൽകൃഷിയും.ജില്ലാ ചെറുകിട വ്യവസായ വെല്‍ഫെയര്‍ അസോസിയേഷന‍് നേതാവ് കൂടിയാണ് ഈ കര്‍ഷകന്‍. കുടുംബത്തില്‍ നിന്ന് പരമ്പരാഗതമായി കിട്ടിയ കാര്‍ഷിക സ്നേഹമാണ് ജോര്‍ജ് കുട്ടി കൂടെ കൂട്ടിയത്. ഒരു ഡസന്‍ തൊഴിലാളികളും ഈ ഫാമില്‍ പണിയെടുക്കുന്നു.