പെൻഗ്വിനുകളെ കുത്തിക്കൊന്ന് തേനീച്ചക്കൂട്ടം; അമ്പരന്ന് ഗവേഷകർ

ചിത്രം; ബേർഡ്​ലൈഫ്

വംശനാശം നേരിടുന്ന ആഫ്രിക്കൻ പെൻഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് സംഭവം. ദക്ഷിണാഫ്രിക്ക ദേശീയപാർക്ക് അധികൃതരാണ് പെൻഗ്വിനുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പെൻഗ്വിനുകളുടെ കണ്ണുകൾക്കുള്ളിൽ നിന്ന് തേനീച്ചകളെ കണ്ടെടുത്തത്. 

സാധാരണയായി പെൻഗ്വിനുകളും തേനീച്ചകളും സൗഹാർദപരമായാണ് കഴിയുന്നതെന്നും ഇത്തരമൊരു ആക്രമണം ഉണ്ടായത് എന്തുകൊണ്ടാണെന്ന് നിരീക്ഷിച്ച് വരികയാണെന്നും ദേശീയപാർക്കിലെ ശാസ്ത്രജ്ഞർ അറിയിച്ചു. കടൽതീരത്ത് തേനീച്ചകളെയും കണ്ടെത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തോളമുണ്ടായിരുന്ന ആഫ്രിക്കൻ പെൻഗ്വിനുകൾ 20–ാം നൂറ്റാണ്ടിന്റെ തുടക്കമായതോടെ അരലക്ഷത്തോളമായി ചുരുങ്ങിയിരുന്നു. കുഞ്ഞൻ പെൻഗ്വിനുകളാണ് ആഫ്രിക്കൻ പെൻഗ്വിനുകൾ. വലിയ ശബ്ദമാണ് ഇവ ഉണ്ടാക്കുന്നത്.