10 ദിവസം അബോധാവസ്ഥയിൽ; പിന്നെ ‘വിയോഗ’ വാർത്ത; ‘മരണം’ തിരികെ നൽകിയ മധുരം

തിരൂർ: അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പാമ്പുകടിയേറ്റ് 10 ദിവസം അബോധാവസ്ഥയിൽ. പിന്നെ ‘വിയോഗ’ വാർത്ത. 4 മാസത്തിന് ശേഷം സ്കൂളിലേക്ക് തിരിച്ചെത്തൽ. പ്രാർഥിച്ചും പൊട്ടിക്കരഞ്ഞും സ്നേഹവും വേദനയും പ്രകടിപ്പിച്ച കൂട്ടുകാർക്കിടയിലേക്കുള്ള ആ രണ്ടാം വരവ് റിനുവിന്റെ ജീവിതത്തിൽ ഒരുക്കിയത് സിനിമയെ വെല്ലുന്ന സംഭവ പരമ്പരകളാണ്.

പുത്തങ്ങാടി സ്വദേശിനിയായ ഷഹബാന ഷഫീഖിന് (റിനു - 23) കടുങ്ങപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്. വീട്ടുകാർ ഉടൻ പരിസരത്തുള്ള വൈദ്യന്റെ അടുത്തെത്തിച്ചു ചികിത്സ നൽകിയെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായി. തുടർന്ന് വീട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. 

കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആറാം ദിവസം പുറത്തുവന്നത് റിനു യാത്രയായി എന്ന വാർത്തയായിരുന്നു. എന്നാൽ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കണ്ണീരോടെ നാട്ടുകാരും വീട്ടുകാരും കാത്തിരിപ്പായി. പത്താം ദിവസം റിനു പതുക്കെ കണ്ണുകൾ തുറന്നു. ആരോഗ്യം വീണ്ടെടുത്ത് റിനു പഠനം തുടർന്നു നല്ല മാർക്കോടെ പത്താം ക്ലാസ് വിജയിച്ചു. പിന്നീട് വിവാഹം കഴിഞ്ഞു. വൈകാതെ, വിദേശത്ത് ഷെഫ് ആയ പിതാവിന്റെ ചുവട് പിടിച്ച് റിനു കേക്കുകൾ നിർമിച്ചു വിൽപന തുടങ്ങി.

പഠനം മുടങ്ങിയവരും വിവിധ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവരുമായ വീട്ടമ്മമാരെ കണ്ടെത്തി സ്വയം തൊഴിലിലേക്കുള്ള വഴി തുറന്നു. വീട്ടമ്മമാർക്ക് കേക്ക് നിർമാണം ഉൾപ്പെടെ പരിശീലനവും ക്ലാസും യാത്രകളും സംഘടിപ്പിച്ചു. ഇപ്പോൾ 1000 വീട്ടമ്മമാർ അംഗങ്ങളായ കേരള ഫുഡ് പാൻട്രിയുടെ ലീഡറാണു റിനു