സ്കൂട്ടറിനു മുകളിൽ മൂർഖൻ; പിടിച്ചത് സാഹസികമായി; അനുകരിക്കരുത്; വിഡിയോ

ഇരുചക്രവാഹനങ്ങളുടെ മുൻവശത്തെ വിടവുകളിൽ പാമ്പുകൾ കയറിക്കൂടാറുണ്ട്. ചിലപ്പോൾ ഓടിക്കൊണ്ടിരിക്കുമ്പോഴായിരിക്കും കക്ഷി തല പൊക്കുന്നത്. പേടിച്ച് വാഹനം മറിഞ്ഞ് അപകടത്തിൽപ്പെട്ടവരുമുണ്ട്. 

ഇത്തരത്തിൽ സ്കൂട്ടറിന്റെ മുൻവശത്ത് കയറിപ്പറ്റുന്ന പാമ്പുകളെ പിടികൂടാൻ അൽപം പ്രയാസമാണ്. സൂക്ഷിച്ചില്ലെങ്കിൽ കടി ഉറപ്പ്. ഈ സാഹചര്യം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ശ്രദ്ധിക്കപ്പെടുന്നു. മഴക്കാലത്ത് പാമ്പുകളെ കാണുന്നത്  സാധാരണമാണെന്നും എന്നാൽ അതിനെ പിടികൂടുന്ന രീതി അസാധാരണമാണെന്നുമാണ് സുശാന്ത നന്ദ ട്വിറ്ററിൽ കുറിച്ചത്. നിരവധിയാളുകൾ വിവിധ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്കൂട്ടറിനു മുകളിൽ പത്തിവിരിച്ചു നിന്ന പാമ്പിനെ വെള്ളം നിറയ്ക്കുന്ന ജാറിനുള്ളിൽ കയറ്റാനാണ് പാമ്പുപിടുത്തക്കാരൻ ശ്രമിച്ചത്. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് പാമ്പിനെ ജാറിനുള്ളിലാക്കാൻ നോക്കിയത്. ജാറിനകത്തേക്ക് തലയിട്ട പാമ്പ് വേഗം പുറത്തേക്ക് തലവലിക്കുന്നതും ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. വീണ്ടും പാമ്പിന്റെ തലയിലൂടെ ജാർ കടത്തിയാണ് അതിന്റെ ശരീരം പൂർണമായും ജാറിനുള്ളിലാക്കി അടച്ചത്.