25 വർഷമായി ഒരുപോലുള്ള വസ്ത്രം; കട്ടച്ചങ്കുകൾ; അപൂർവ സൗഹൃദം: ആ കഥ

സൗഹൃദം ആഘോഷമാണ് ചിലർക്ക്. ചിലർക്കത് ഉൻമാദമാണ്. ചിലർക്ക് സ്നേഹം, സഹകരണം അങ്ങനെ പലതും... എന്നാൽ കായംകുളത്ത് ഒരുമിച്ച് തയ്യൽക്കട നടത്തുന്ന ഉദയകുമാറും രവീന്ദ്രന്‍പിള്ളയും സൗഹൃദത്തോടൊപ്പം ഒരു കൗതുകം കൂടി തുന്നിച്ചേർത്തു. ഇരുപത്തിയഞ്ച് വർഷത്തോളമായി ഒരേ നിറത്തിലും തരത്തിലുമുള്ള വസ്ത്രത്തിലല്ലാതെ ഇവരെ പുറംലോകം കണ്ടിട്ടില്ല. ഒരു പോലുള്ള വസ്ത്രം ധരിച്ച്, ഒരു ബൈക്കില്‍ സഞ്ചരിക്കുന്ന ഇവരെ നാട്ടുകാർ വിളിക്കുന്നത് പാച്ചുവും കോവാലനും എന്നാണ്. ആ പേര് ഇഷ്ടത്തോടെ നെഞ്ചേറ്റി, തങ്ങൾ തുടങ്ങിയ തയ്യൽകടക്കും അവർ പേരിട്ടു – പി.കെ.ടെയ്‍ലേഴ്സ്.

ആൾക്കൂട്ടത്തിൽ ശ്രദ്ധ നേടാനോ ചർച്ച ചെയ്യപ്പെടാനോ ഉള്ള ബോധപൂർവമുള്ള ശ്രമം ആയിരുന്നില്ല ഇരുവർക്കും ഒരേപോലുള്ള വസ്ത്രധാരണം. എല്ലാം സംഭവിക്കുന്നത് ഏറെ യാദൃഛികമായാണ്. ആ ഫ്ളാഷ്ബാക്ക് തുടങ്ങുന്നത് 1986 ൽ...

അന്ന് കായംകുളത്തെ ഒരു ടെയ്‍ലറിങ്ങ് സെന്ററിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തയ്യല്‍ പഠിക്കാനെത്തിയവർ പതിയെ സുഹൃത്തുക്കളായി. യാദൃഛികമായി ഒരിക്കല്‍ ഒരുമിച്ച് ഷർട്ടിനുള്ള തുണിയെടുക്കാനിടയായി. ഒരുമിച്ച് വാങ്ങിയാൽ വിലക്കുറവ് ഉണ്ടാകുമെന്നതിനാല്‍ അങ്ങനെ ചെയ്തു. രണ്ടാൾക്കുമായി ഒരേ മീറ്റർ തുണി മുറിച്ചുവാങ്ങി. ഷർട്ട് തയ്ച്ചതും ഒരുപോലെ. ഇതു കൊള്ളാമല്ലോ എന്ന് അന്നേ തോന്നി. പിന്നെ തുണിയെടുക്കലും തയ്ക്കലുമൊക്കെ ഒരുമിച്ചായി, ഇരുപത്തിയഞ്ച് വർഷമായിട്ടും ആ ശീലത്തിന് മാറ്റമില്ല. ഇപ്പോൾ ഒരുപോലുള്ള 40 ജോഡി ഡ്രസ് ഉണ്ട് ഉയദകുമാറിനും രവീന്ദ്രൻപിള്ളക്കും. 

ഉദയകുമാറും രവീന്ദ്രൻപിള്ളയും കുടുംബത്തോടൊപ്പം

ഇതിനിടെ ഇരുവരുടെയും വിവാഹദിവസം മാത്രമാണ് വ്യത്യസ്തമായ വസ്ത്രം ധരിച്ചിട്ടുള്ളത്. ഇപ്പോഴും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിവാഹങ്ങൾക്കും മറ്റ് ഫങ്ഷനുകൾക്കും പോകുന്നത് ഒരേ പോലുള്ള വസ്ത്രം ധരിച്ചാണ്.  വസ്ത്രത്തിലെ ഒത്തൊരുമ ശീലമാക്കിയ ഇവർക്ക് ജീവിതം മറ്റൊരു സമാനത കാത്തുവെച്ചിരുന്നു. ഇരുവരുടെയും ഭാര്യമാരുടെ പേരിലുമുണ്ട് സാമ്യം. രവീന്ദ്രൻപിള്ളയുടെ ഭാര്യയുടെ പേര് ബീനാകുമാരി. ഉയദകുമാറിന്റെ ഭാര്യയുടെ പേര് സുനിതാകുമാരി. മക്കൾക്കും സാമ്യതയുള്ള പേരുകളാണ് നൽകിയിരിക്കുന്നത്. രവീന്ദ്രൻപിള്ളയുടെ മകന്റെ പേര് ശ്രീപ്രിജൽ. ഉദയകുമാറിന്റെ മകളുടെ പേര് ശ്രീലച്ചു. തങ്ങളെപ്പോലെ തന്നെ ഊഷ്മളമായ സൗഹൃദം ഭാര്യമാർക്കും മക്കൾക്കും ഇടയിലുണ്ടെന്ന് ഇരുവരും പറയുന്നു. 

സൗഹൃദമെന്നാൽ സമാനമായ വസ്ത്രധാരണം മാത്രമല്ല, ഇവര്‍ക്ക്. ഇരുപത്തിയഞ്ചു വർഷമായി അതിങ്ങനെ ജീവിതത്തോട് ഇഴചേർന്നു കിടക്കുന്നതിന് മറ്റു ചില കാരണങ്ങളുമുണ്ട്. ''മദ്യപാന ശീലം ഞങ്ങൾക്കിടയിലില്ല. പണമിടപാടുകൾ കഴിയുന്നതും ദീർഘിപ്പിക്കാറില്ല. കൊടുക്കൽ വാങ്ങലുകൾ ഒരുപാട് കാലത്തേക്ക് നീണ്ടുപോയാൽ അതു ചിലപ്പോൾ സൗഹൃദത്തെ ബാധിക്കും. ഞങ്ങൾക്കിടയിൽ രാഷ്ട്രീയം ഒരു ചർച്ചാവിഷയമാകാറില്ല എന്നതും ഈ സൗഹൃദത്തിന് കോട്ടം തട്ടാത്തതിന് ഒരു കാരണമാണ്'', രവീന്ദ്രൻപിള്ള മനോരമ ന്യൂസ്.കോമിനോട് പറ‍ഞ്ഞു. 

ജീവിതകാലം മുഴുവൻ ഈ ശീലം തുടരാനാണ് ആഗ്രഹമെന്ന് ഉദയകുമാറും പറയുന്നു. ''ഈ ശീലത്തിന്റെ പേരിൽ ഒരിക്കൽ പോലും നെഗറ്റീവ് ആയ ഒരു കമന്റും കേട്ടിട്ടില്ല. എല്ലാവര്‍ക്കും കൗതുകം തന്നെയാണ് ഞങ്ങളുടെ ജീവിതം. വീട്ടുകാർക്കും എതിരഭിപ്രായങ്ങൾ ഒന്നുമില്ല. പിണക്കങ്ങളില്ലാതെ ഇതിങ്ങനെ മുന്നോട്ടു പോകാനാകട്ടെ എന്നാണ് പ്രാർഥന'', ഉദയകുമാർ കൂട്ടിച്ചേര്‍ത്തു. 

ഒരേ കോംപൗണ്ടിൽ തന്നെയാണ് ഇരുകുടുംബങ്ങളുടെയും താമസം. ചേരാവള്ളിയിൽ താമസിച്ചിരുന്ന ഉദയകുമാർ പുള്ളിക്കണക്കിൽ രവീന്ദ്രൻ പിള്ളയുടെ വീടിനോട് ചേർന്ന് തന്നെയാണ് സ്ഥലം വാങ്ങി വീടുവെച്ചത്. വീടിന് പി.കെ നിവാസ് എന്ന് പേരും നൽകി. ഹൃദയങ്ങൾക്കിടയിലില്ലാത്ത മതിൽ വീടുകൾ തമ്മിലുമില്ല. ഇനി മതിൽ കെട്ടാൻ ആഗ്രഹിക്കുന്നുമില്ല. ഒരു പോലുള്ള പാന്റും ഷര്‍ട്ടുമിട്ട് ഒരേ ബൈക്കിലിരുന്ന് പി.കെ.ടെയ്‍ലേഴ്സിലേക്കിറങ്ങുമ്പോൾ ഇപ്പോഴും അവർ കാതോർക്കും.. നാട്ടുകാരുടെ പാച്ചൂ, കോവാലാ വിളികൾക്ക്.. കാരണം അത്രമേൽ അവരത് ആസ്വദിക്കുന്നുണ്ട്.