ഇനിയും മിണ്ടാതിരിക്കരുത്; ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ച് പറയണം; ഷെയ്ൻ നിഗം

ദിവസവും കേൾക്കുന്ന വിവാഹിതരായ സ്ത്രീകളുടെ മരണവാർത്തയിൽ നടുങ്ങുകയാണ് കേരളം. മൂന്ന് ദിവസത്തിനിടെ നാലിലേറെ സ്ത്രീകളാണ് ഭർതൃവീടുകളിലെ പീഡനം മൂലം ജീവനൊടുക്കിയത്. ഗാർഹിക പീഡനം നേരിട്ടാൽ മിണ്ടാതെ ഇരിക്കരുതെന്നും സഹായിക്കാൻ ഒരുപാട് പേർ ചുറ്റുമുണ്ടെന്നും നടൻ ഷെയ്ൻ നിഗം കുറിക്കുന്നു. ആത്ഹത്യ ഒന്നിനും പരിഹാരമല്ലെന്നും മരണം വരിച്ച് തോൽക്കുകയല്ല വേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

ഷെയ്നിന്റെ കുറിപ്പ് ഇങ്ങനെ:  കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഡനം നേരിട്ട യുവതികൾ. ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ "തോൽ"ക്കുകയല്ലെ സത്യത്തിൽ? 

നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു.