കറണ്ട് ബില്ലില്ല, പകരം വൈദ്യുതി വിൽക്കും; പ്രതിവർഷം 70,000 രൂപക്ക്; അത്ഭുതവീട്!

Image Courtesy: The Better India

സോളാർ വൈദ്യുതിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും സ്വന്തം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ അത് പ്രാവര്‍ത്തികമാക്കിയവർ വളരെ ചുരുക്കമാണ്. എന്നാൽ ഇത്തരക്കാര്‍ക്ക് മാതൃകയാകുകയാണ് ബംഗളൂരുവിലെ മഞ്ജുനാഥ് - ഗീത ദമ്പതികൾ. വർഷങ്ങൾ നീണ്ട ആഗ്രഹത്തിനൊടുവിലാണ് തങ്ങളുടെ പ്രകൃതി സൗഹൃദവീട് ഇവര്‍ നിർമ്മിച്ചെടുത്തത്.

വൈദ്യുതി ലാഭിക്കാൻ സ്ഥാപിച്ച സോളർ സംവിധാനമാണ് ഈ വീട്ടിലെ ഏറ്റവും വലിയ സവിശേഷത. പക്ഷേ, ഇന്ന് അതിലൂടെ വൈദ്യുതി ലാഭിക്കുക മാത്രമല്ല, വരുമാനവും നേടുന്നു. 10 കിലോവാട്ട് സോളർ ഇൻസ്റ്റലേഷനാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം 1000 യൂണിറ്റ് സോളർ പവർ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. വീട്ടിലേക്ക് വേണ്ടിവരുന്നത് ആകെ 250 യൂണിറ്റ് മാത്രമാണ്. ബാക്കി വരുന്നത് വൈദ്യുത ബോർഡിന് വിൽക്കും. യൂണിറ്റിന് 9 രൂപ എന്ന നിരക്കിൽ പ്രതിവർഷം ഏകദേശം എഴുപതിനായിരം രൂപ ഇവർ വൈദ്യുതി വിൽപനയിലൂടെ മാത്രം നേടുന്നു. 25 വർഷത്തേക്കാണ് കോൺട്രാക്ട്. 

ഒൻപത് ലക്ഷം രൂപ മുടക്കിയാണ് ഇവർ സോളാർ പാനലുകള്‍ സ്ഥാപിച്ചത്. വീട്ടാവശ്യത്തിനായി സോളർപാനലുകൾ സ്ഥാപിക്കുന്നവർക്ക് ഗുണകരമാകുന്ന തരത്തിൽ ഒട്ടേറെ പദ്ധതികൾ പ്രാദേശിക തലത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഇതും ഇവർ ഉപയോഗപ്പെടുത്തിയിരുന്നു.

പ്രതിവർഷം 4,50,000 ലിറ്റർ വെള്ളം ശേഖരിക്കാന്‍ സാധിക്കുന്ന സംഭരണിയും ഇവർ ഒരുക്കിയിട്ടുണ്ട്. ഇതിൽ നിന്നും രണ്ടുലക്ഷം ലിറ്ററാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ജലം ഭൂമിയിൽ ജലാശം നിലനിർത്തുന്നതിന് സഹായിക്കുന്നു. വീട്ടുമുറ്റത്തെ ഫലവൃക്ഷങ്ങളും പച്ചക്കറികളും എല്ലാം തഴച്ചു വളരുന്നതിനും ഇത് കാരണമാകുന്നുണ്ടെന്ന് മഞ്ജുനാഥും ഗീതയും പറയുന്നു. 

പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഈ വീടിന് വേറെയുമുണ്ട് പ്രത്യേകതകൾ 70 ശതമാനവും കല്ലുകളും ഇഷ്ടികകളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി നിർമാണച്ചെലവ് 15 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു. വേനൽക്കാലത്ത് ബെംഗളൂരുവിലെ കടുത്ത ചൂടിനെ ചെറുക്കാൻ ഈ വീട്ടിൽ എയർകണ്ടീഷൻ പോലും ആവശ്യമില്ല. ക്രോസ് വെന്റിലേഷൻ സംവിധാനമാണ് ചൂടിനെ നേരിടാൻ ഉപയോഗിച്ചിരിക്കുന്നത്. സ്വാഭാവിക വെളിച്ചം വീടിനുള്ളിലേക്ക് ധാരാളമായി എത്തുന്ന വിധത്തിലാണ് രൂപകല്പന. പുറത്തെ താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താഴെ മാത്രമാണ് വീടിനുള്ളിൽ സാധാരണയായി അനുഭവപ്പെടുന്ന ചൂട്. 

അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റാക്കി അത് കൃഷിക്കായി ഇവർ ഉപയോഗിപ്പെടുത്താറുണ്ട്. സ്വന്തം വീട്ടുമുറ്റത്ത് കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളാണ് പാചകത്തിന് ഉപയോഗിക്കുന്നത്.