ഹൃദയം മാറ്റിവച്ചിട്ട് അഞ്ചുവർഷം; കൃഷ്ണരാജിന്‍റെ ഓർമയിൽ ഹരികുമാർ

ചെങ്ങന്നൂര്‍ പാണ്ടനാട്  കണ്ണങ്കര ഹരികുമാര്‍ ഒരു സാധാരണക്കാരനല്ല. അഞ്ചുവര്‍ഷമായി മറ്റൊരാളുടെ ഹൃദയവുമായി ജീവിക്കുന്ന ഹരികുമാര്‍ ടിപ്പര്‍ ലോറി അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കുന്നു, ഹോളോബ്രിക്സ് യൂണിറ്റ് നടത്തുന്നു. ഹൃദയം മാറ്റിവച്ചവര്‍ക്കും സാധാരണ ജീവിതം നയിക്കാനാവുമെന്ന് തെളിയിക്കുകയാണ് ഈ യുവാവ്. വിഡിയോ സ്റ്റോറി കാണാം. 

ഹരികുമാര്‍ എന്ന  പേരിനെ പ്രചോദനം എന്ന്  വിളിക്കാനാവും. അ‍ഞ്ചുവര്‍ഷമായി ഹരികുമാര്‍ ജീവിക്കുന്നത് ചേര്‍ത്തല എഴുപുന്ന തെക്ക് മംഗലത്തുവീട്ടില്‍ എം.ആര്‍.കൃഷ്ണരാജിന്‍റെ ഹൃദയവുമാണ്. മറ്റൊരര്‍ഥത്തില്‍ പുനര്‍ജന്‍മം.തിരികെക്കിട്ടിയ ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുകയാണ് ഹരികുമാര്‍. ഇന്നലെ ഹൃദയം മാറ്റിവച്ചിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായി.

സൗദിയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുമ്പോഴാണ് ആദ്യം ഹൃദയത്തിന് തകരാര്‍ കണ്ടെത്തുന്നത്. ആന്‍ജിയോ പ്ലാസ്റ്റി ചെയ്തതിനുശേഷം വീണ്ടും സൗദിക്ക് മടങ്ങി. വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയതോടെ  നാട്ടിലേക്ക് മടങ്ങി വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സിച്ചു.ഒടുവില്‍ എറണാകുളം ലിസി ആശുപത്രിയില്‍  ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്‍റെ അടുത്തെത്തി. പരിശോധനകള്‍ക്കുശേഷം ഹൃദയം മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താനാവില്ലെന്ന് കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തു. 2016 മേയ് 24 ന് തിരുവനന്തപുരത്ത് അപകടത്തില്‍ മരിച്ച ഒരാളുടെ ഹൃദയം ലഭ്യമാകുമെന്നുറപ്പായെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ശസ്ത്രക്രിയ നടന്നില്ല. അന്നുതന്നെ കുഴഞ്ഞുവീണ് മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണരാജിന്‍റെ ഹൃദയം  ദാനം ചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ  ഹരികുമാറിന്‍റെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിശ്ചയിച്ച സമയത്ത് തന്നെ നടന്നു.

ഇപ്പോള്‍ വീടിനോട് ചേര്‍ന്നുതന്നെ ഹോളോ ബ്രിക്സ് യൂണീറ്റ് നടത്തുകയാണ് ഹരികുമാര്‍. മികച്ച സംരഭകനുള്ള അവാര്‍ഡും കിട്ടി. ടിപ്പറടക്കമുള്ള വാഹനങ്ങള്‍ ഓടിക്കും.ദൈവത്തിന്‍റെ ഇടപെടല്‍ തന്‍റെ ജീവിതത്തില്‍ ഒരോ നിമിഷവും ഉണ്ടെന്ന് വിശ്വസിക്കാനാണ് ഹരികുമാറിന്‍റെ ഇഷ്ടം. ഹരിയുടെ ജീവിതത്തിന് പൂര്‍ണപിന്തുണയുമായി അമ്മയും ഭാര്യയും  രണ്ടു മക്കളുമുണ്ട്.