പുതിയ ഹൃദയവുമായി ലീന ആശുപത്രി വിട്ടു; പ്രാർഥിച്ചവരോട് മക്കൾ കാട്ടിയത് മഹാമാതൃക

കേരളത്തിന്റെ പ്രാർഥനകളും ഉള്ളിൽ ആരോഗ്യത്തോടെ മിടിക്കുന്ന പുതിയ ഹൃദയവുമായി ലീന ആശുപത്രിയിൽ നിന്നും വീട്ടിലെത്തി. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിയ ഹൃദയമാണ് കോതമംഗലം സ്വദേശിനി ലീനയ്ക്ക് ഡോക്ടർമാർ മാറ്റിവെച്ചത്. 23 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ലീന മടങ്ങുമ്പോൾ മറ്റൊരു മാതൃക കൂടി സംഭവിച്ചു. അമ്മയ്ക്ക് ഹൃദയം നൽകിയവരോടും ഒപ്പം നിന്നവർക്കുമുള്ള നന്ദിയായി ലീനയുടെ മക്കളായ ബേസിലും ഷിയോണയും അവയവദാനത്തിനുള്ള സമ്മതപത്രം അധികൃതർക്ക് കൈമാറി. 

മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിനി ലാലിടീച്ചറുടെ ഹൃദയമാണ് ലീനയ്ക്ക് മാറ്റിവെച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ കൊച്ചി ഗ്രാന്‍ഡ് ഹയാത്തിലെ ഹെലിപാഡിലാണ് ഇറങ്ങിയത്. പിന്നീട് നിമിഷനേരം ലിസ്സി ആശുപത്രിയിലെത്തിച്ച് ഓപ്പറേഷൻ നടത്തിയത്.