വീടല്ല, സ്വർഗം; അച്ഛനും മക്കളും ചേർന്ന് പണിത സ്വപ്നഭവനം; വൈറൽ വിഡിയോ

വീടെന്ന സ്വപ്നത്തെ താലോലിച്ചു നടക്കുന്നവർ ഏറെയുണ്ട്. ആ സ്വപ്നം സാക്ഷാത്കരിച്ചവും അതിലേക്ക് നടന്നടക്കുന്നരും ഉണ്ട്. കുടുംബനാഥനും മക്കളും സ്വന്തം ചോരയും നീരുമൊഴുക്കി പണിത വീട് എന്നൊക്കെ അക്ഷരാർത്ഥത്തിൽ പറയാവുന്നൊരു വീടുണ്ട് വയനാട് പേരിയയിൽ. ഇവിടെ അച്ഛനും മക്കളും കൂടി പണിതുയർത്തിയ മനോഹരമായ വീട് കണ്ടാൽ മൂക്കത്ത് വിരല്‍ വെച്ചുപോകും പലരും.

വയനാട് പേരിയയിലുള്ള ആലാറ്റിൽ എന്ന സ്ഥലത്തുള്ള സുരേഷ് മഠത്തിലും കുടുംബാംഗങ്ങളുമാണ് ഈ താരങ്ങൾ. മക്കൾ ഹർഷയും ശ്രീഹാസും സുരേഷിനെ സഹായിക്കാൻ നിഴലായി കൂടെയുണ്ടായിരുന്നു. 1100 സ്ക്വയർ ഫീറ്റുള്ള, ചുറ്റും പച്ചപ്പും ഹരിതാഭയും നിറ‍ഞ്ഞ ഈ മനോഹരസൗധം ഈ വഴി കടന്നുപോകുന്ന ആരും ഒന്നു നോക്കിപ്പോകും.

8 വർഷം മുൻപാണ് വീടിന്റെ നിർമാണം ആരംഭിച്ചത്. തുടക്കത്തിൽ ഏതാനും സഹായികൾ ഉണ്ടായിരുന്നു. പിന്നീട് ടൈൽ പതിക്കലും പെയിന്റിങ്ങുമടക്കം എല്ലാം സ്വന്തമായിത്തന്നെ ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് സ്വപ്നഭവനം നിർമിക്കാൻ സ്വയം ഇറങ്ങിത്തിരിക്കാൻ തീരുമാനിക്കുന്നത്. ഇതിനായി ടെക്സ്റ്റൈൽസിലെ ജോലി വിട്ട് സ്കൂൾ ബസ് ഡ്രൈവറായി. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ സ്വപ്നവീടിനായുള്ള പണികൾ ആരംഭിച്ചു. ലോക്ഡൗൺ ആയപ്പോൾ സഹായിക്കാൻ മക്കൾക്കും കൂടുതല്‍ സമയം കിട്ടി. പലരോടായി ചോദിച്ചറിഞ്ഞും പഠിച്ചുമൊക്കെയാണ് ഒരോ ജോലികളും ചെയ്തത്. പല ദിവസങ്ങളിലും രാത്രി വൈകുവോളം അധ്വാനിച്ചു.

വീട്ടുമുറ്റത്തും പരിസരങ്ങളിലും പല കൗതുകങ്ങളും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. എവിടേക്കു വേണമെങ്കിലും നീക്കിവെയ്ക്കാവുന്ന പോർട്ടബിൾ തുളസിത്തറ, കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ ഏറുമാടം, ജെസിബിയുടെ ടയർ കോൺക്രീറ്റ് ചെയ്തുണ്ടാക്കിയ താമരക്കുളം അങ്ങനെ പലതും.

സ്വന്തം വിയർപ്പിനാൽ സ്വപ്നഭവനം പടുത്തുയര്‍ത്തിയ സുരേഷിനും കുടുംബത്തിനുമുള്ള കയ്യടികൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ നിറയെ.

Video Courtesy: Come on everybody