ടോൾപ്ലാസയിൽ സൗജന്യ പാസ് ആർക്കൊക്കെ? ഇന്നു മുതൽ അപേക്ഷിക്കാം

പാലിയേക്കര: ടോൾപ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലെ (ആകാശ ദൂരം)  ഫാസ് ടാഗുള്ള എല്ലാ സ്വകാര്യവാഹനങ്ങൾക്കും സൗജന്യ പാസു നൽകുമെന്നു കരാർ കമ്പനിയായ ജിഐപിഎൽ അറിയിച്ചു. ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗത്തിലെ (കാർ, ജീപ്പ്) വാഹനങ്ങൾക്കാണ് ആനുകൂല്യം. നിലവിൽ സൗജന്യ സ്മാർട് കാർഡ് ഉണ്ടായിരുന്നവർക്ക് മാത്രമാണ് സൗജന്യ ഫാസ് ടാഗിലേക്കു മാറാൻ അവസരം നൽകിയിരുന്നത്. ഇന്നു മുതൽ ഈ പരിധിയിൽപ്പെട്ട എല്ലാ വാഹനങ്ങൾ‌ക്കും ടോൾ പ്ളാസയിലെത്തി സൗജന്യ പാസിന് അപേക്ഷിക്കാം.

സംസ്ഥാന സർക്കാരും ടോൾകരാർ കമ്പനിയും 2011ൽ ഉണ്ടാക്കിയ ധാരണപ്രകാരം തദ്ദേശീയ വാഹനങ്ങൾക്കു നൽകിയിരുന്ന ആനുകൂല്യം 2018 ഏപ്രിലിൽ നിർത്തിയിരുന്നു. രാജ്യമെങ്ങും ഫാസ്ടാഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി സ്മാർട് കാർഡുകൾ നിർത്തിതോടെയാണു പുതിയ സൗജന്യ സ്മാർട് കാർഡുകൾ അനുവദിക്കാതെയായത്. ഇതോടെ ടോൾപ്ലാസയ്ക്കു സമീപമുള്ള പുതിയ വാഹന ഉടമകൾ മാസം 150 രൂപ നൽകിയാണ് യാത്ര ചെയ്തിരുന്നത്. നിലവിൽ സൗജന്യ സ്മാർട് കാർഡുള്ളവരെ സൗജന്യ ഫാസ്ടാഗിലേക്ക് മാറ്റുന്നതും തുടരുന്നുണ്ട്.

സൗജന്യ ഫാസ്ടാഗ് കൗണ്ടറിൽ തന്നെയാണ് ഇന്നുമുതൽ പുതിയ ടാഗും നൽകും. തൽക്കാലം മാർച്ച് 10വരെ തദ്ദേശീയരുടെ ഫാസ് ടാഗ് സൗജന്യമാക്കൽ തുടരുമെന്നും സിഒഒ എ.വി. സൂരജ് അറിയിച്ചു. ഒരുമാസം യാത്ര ചെയ്യുന്ന പ്രാദേശിക വാഹനങ്ങളുടെ ടോൾ തുക ബന്ധപ്പെട്ട ബാങ്ക് കമ്പനിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന ധാരണയിലാണ് പുതിയ തീരുമാനം. ഈ തുകയും പലിശയും സംസ്ഥാന സർക്കാർ പിന്നീടു ബാങ്കിനു ന‍ൽകണം. നിലവിൽ 120 കോടി രൂപ തദ്ദേശീയരുടെ യാത്രാസൗജന്യത്തിന്റെ പേരിൽ സർക്കാർ ടോൾ കരാർ കമ്പനിക്കു കൈമാറാനുണ്ട്.