വയസ് 105; പഠിച്ചത് രണ്ടാം ക്ലാസ്; രാജ്യം പത്മശ്രീ െകാടുത്ത മുത്തശി; അക്കഥ

തമിഴകത്തു നിന്ന് ഈ വർഷത്തെ പത്മ അവാർഡ് ജേതാക്കളായത് പതിനൊന്നു പേരാണ്. അതിൽ ഏറ്റവും പ്രായമുള്ളത് കോയമ്പത്തൂരിലെ പാപമ്മാളിലാണ്. 105 വയസാണ് ഈ മുത്തശിക്ക്. പ്രായം തോൽക്കുന്ന വീര്യവുമായി മണ്ണിൽ പൊന്നുവിളയിക്കുന്നതിനാണ് പാപ്പമ്മാളിനെ രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചത്. ജൈവവളങ്ങൾ മാത്രമുപയോഗിച്ചുളള കൃഷിയാണ് പാപമ്മാൾ ചെയ്യുന്നത്. 

രണ്ടര ഏക്കർ ഭൂമിയിലാണ് പാപമ്മാൾ കൃഷി ചെയ്യുന്നത്. അതിൽ നിറയെ പച്ചക്കറികളും, ധാന്യങ്ങളും, ചോളവും അങ്ങനെ വീട്ടിലേക്കുളള ആവശ്യം കഴിഞ്ഞ് കടകളിലേക്ക് കൊടുക്കാനുളളത്രയും വിളവ് പാപമ്മാൾ തന്റെ കൃഷിയിടത്തിൽ നിന്നുണ്ടാക്കുന്നു. ചെറുപ്രായത്തിൽ തുടങ്ങിയ കമ്പമാണ് തനിക്ക് കൃഷിയോടെന്ന് പാപമ്മാൾ പറയുന്നു. മാതാപിതാക്കളെ ചെറുപ്പത്തിൽ നഷ്ടപ്പെട്ട പാപമ്മാളിനെ വളർത്തിയത് മുത്തശ്ശിയാണ്. കൃഷിയിൽ തന്നെ പ്രോത്സാഹിപ്പിച്ചതും അവരാണെന്ന് പാപമ്മാൾ പറയുന്നു. പ്രാരാബ്ധങ്ങൾ പിടിമുറുക്കിയപ്പോൾ പഠനം പാതിവഴിയിലായി. പത്മശ്രീ പുരസ്കാരം കിട്ടിയ പാപമ്മാളിന് രണ്ടാം ക്ലാസ് വരെയേ പഠിക്കാനായുളളൂ. 

പത്തുവർഷങ്ങൾക്കു മുമ്പ് ഭർത്താവും നിര്യാതനായി. മക്കളും മരുമക്കളും പേരമക്കളുമായാണ് ഇപ്പോഴുളള ജീവിതം, ഒപ്പം കൃഷിയും. പത്മശ്രീ പുരസ്കാരം ലഭിച്ച പാപമ്മാളിനെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ അഭിനന്ദിച്ചു. പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പാപമ്മാൾ പറയുന്നു. കോവിഡ് കാലം കൃഷിയെയും ഉപജീവനത്തേയും ബാധിച്ചെങ്കിലും പാപമ്മാൾ പിടിച്ചുനിന്നു. കുടുംബാംഗങ്ങളാണ് തനിക്ക് പിന്തുണ നൽകുന്നതെന്ന് പാപമ്മാൾ പറഞ്ഞു. കൃഷി പോലെ ആരോഗ്യവും നന്നായി നോക്കുന്ന പാപമ്മാൾ പുതുതലമുറയ്ക്ക് പ്രചോദനമാണ്.