‘ഗാബയിലെത്തി കങ്കാരുവിനെ പൊരിച്ച് വീരൻമാർ’; വിജയത്തില്‍ ആറാടി സോഷ്യലിടം

ഗാബയിലെ ചരിത്രവിജയം ആഘോഷമാക്കി സോഷ്യൽ ലോകം. ടീം ഇന്ത്യയെ അഭിനന്ദിച്ച് ട്രോളുകളുടെ ആറാട്ടാണ് സമൂഹമാധ്യമങ്ങളിൽ. കങ്കാരുവിനെ പിടിച്ച് പൊരിച്ചെടുക്കുന്നതടക്കമുള്ള ട്രോളുകളാണ് നിറയുന്നത്. ട്വന്റി20 തോറ്റുപോകുന്ന ഉദ്വേഗവും ആശങ്കയും ആകാംക്ഷയും ആയി പോയി എന്ന ആശയവും കാണാം. ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം, അവസാന ദിനമായ ഇന്ന് വെറും 18 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിജയം മൂന്നു വിക്കറ്റിന്. ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയും 2–1ന് ഇന്ത്യയ്ക്ക് സ്വന്തം. 

ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ, മെൽബണിലെ രണ്ടാം ടെസ്റ്റും ഗാബയിലെ നാലാം ടെസ്റ്റും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായ നിലംപൊത്തിയെങ്കിലും, ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്സ് (138 പന്തിൽ പുറത്താകാതെ 89) ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഗാബ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്. ഋഷഭ് പന്താണ് കളിയിലെ കേമൻ. പരമ്പരയുടെ താരമായി ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസ് തിരഞ്ഞെടുക്കപ്പെട്ടു.

ആത്മവിശ്വാസത്തിന്റെ നിറകുടമായി ഗാബയിൽ നിറഞ്ഞാടിയ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ തുടങ്ങിവച്ച പോരാട്ടം, ചേതേശ്വർ പൂജാരയിലൂടെ കടന്ന് ഒടുവിൽ ഋഷഭ് പന്ത്, വാഷിങ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് വിജയതീരത്തെത്തിച്ചത്. കന്നി ടെസ്റ്റ് സെഞ്ചുറി വെറും ഒൻപത് റൺസ് അകലെ നഷ്ടമായെങ്കിലും 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസ് ബോളർമാരുടെ ഏറുകൾ ബാറ്റുകൊണ്ടും ശരീരം കൊണ്ടും ഒരുപോലെ നേരിട്ട ചേതേശ്വർ പൂജാരയുടെ ‘ചോര കിനിയുന്ന’ അർധസെഞ്ചുറിക്കും 100 മാർക്ക്! കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന നേട്ടം ഈ പരമ്പരയിൽ ഒരിക്കൽക്കൂടി തിരുത്തിയ പൂജാര, 211 പന്തിൽ ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്തു.