വിചിത്രരോഗം; ഒപ്പം കാൻസറും; എന്നാലും മധുരം പടിക്കലെത്തിക്കും; അപൂര്‍വം കരുതല്‍

കോവിഡ് കാലത്ത് അകലം പാലിച്ച് സ്വന്തം തടി നോക്കുന്ന തിരക്കിലാണ് പലരും. എന്നാൽ അതിൽ നിന്ന് വേറിട്ടൊരു മുഖമിതാ. വിചിത്രമായ ശ്വാസകോശ അസുഖത്തോട് മല്ലിടുമ്പോഴും കലിഫോർണിയയിലെ കൊറിന ഡേവർ ചിന്തിക്കുന്നത് മറ്റുളളവരെക്കുറിച്ചാണ്.

രോഗത്തോട് പടപൊരുതുമ്പോഴും പാകം ചെയ്ത പലഹാരങ്ങൾ അയൽവീടുകളിൽ എത്തിക്കുകയാണ് കൊറിന. സ്നേഹമൂറുന്ന രുചിക്കൊപ്പം കരുതലും നൽകാൻ കൊറിന മറന്നില്ല. സ്വയം നിർമിച്ച സാനിറ്റൈസറുകളും പൊതികളിൽ വയ്ക്കുന്നതോടെ കരുതൽ പൂർണം.ശ്വാസകോശ സംബന്ധമായ രോഗമായതിനാൽ പുറത്തുപോകുക സാധ്യമല്ല. പലഹാരങ്ങളും സാനിറ്റൈസറുകളും വീടുകളിൽ എത്തിക്കുന്നത് കൊറിനയുടെ ഭര്‍ത്താവാണ്.

ഒറ്റപ്പെടൽ മറക്കാനും കൂട്ടുകാരോടും കുടുബാംഗങ്ങളോടുമുളള ബന്ധം നിലനിർത്താനുമാണ് താനിത് ചെയ്യുന്നതെന്ന് കൊറിന പറയുന്നു. സ്വന്തം ആരോഗ്യം നോക്കുന്നതോടൊപ്പം മറ്റുളളവരെക്കൂടി സംരക്ഷിക്കാൻ സാധിച്ചതിൽ സന്തോഷിക്കുകയാണ് കൊറിന.

പത്തു വർഷങ്ങൾ‍ക്കി മുമ്പാണ് കൊറിനയ്ക്ക് അപൂർവ രോഗമായ എൽഎഎം പിടിപെടുന്നത്. വൈകാതെ ത്വക്ക് അർബുദവും കൊറിനയ്ക്കുണ്ടെന്ന് കണ്ടെത്തി. രോഗം മൂർച്ചിക്കുമ്പോഴും കൊറിനയ്ക്ക് മനസ് നിറയെ പ്രതീക്ഷയാണ്, മറ്റുളളവരെ തന്നാലാകും വിധം സഹായിക്കുന്നതിന്റെ സംതൃപ്തിയും.