ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം; ഒഴിച്ചത് 11,000 ലിറ്റർ പാൽ; നിർമാണച്ചെലവ് ഒരു കോടി

ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലൊഴിച്ചത് 11,000 ലിറ്റർ പാലും ഒരു ക്വിന്റൽ നെയ്യും, 1500 ലിറ്റർ തൈരും. രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ശിലാസ്ഥാപനം നടത്തിയത്. ദേവനാരായണൻ ക്ഷേത്രത്തിന്റെ തറക്കല്ലിടലിനായിരുന്നു വലിയ ചടങ്ങുകൾ നടന്നത്. 

ഗുജ്ജാർ സമുദായ അംഗങ്ങളിൽ നിന്നായിരുന്നു പാലും നെയ്യും തൈരും വാങ്ങിയതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഒന്നര ലക്ഷത്തോളം വിലവരുന്ന ഉത്പന്നങ്ങളാണ് ശിലാസ്ഥാപന ചടങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ചടങ്ങിന് ഒരു ദിവസം മുമ്പായിരുന്നു ഗുജ്ജാർ സമുദായത്തോട് പാലും നെയ്യും തൈരും ആവശ്യപ്പെട്ടതെന്നും ഒരു മടിയും കൂടാതെ അവരത് എത്തിക്കുകയായിരുന്നെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒരു കോടി രൂപയായിരിക്കും ക്ഷേത്ര നിർമാണത്തിന് ചെലവ് വരുകയെന്നാണ് നിഗമനം.