കറുത്ത രോമങ്ങൾ നിറഞ്ഞ ജീവി, സ്തംഭിച്ച് പൊലീസ്; ഇരുളിലെ ആ രൂപം കരടിയോ?

ചാത്തന്നൂരിനു സമീപം കരടിയെ കണ്ടെന്ന വിവരം നാട്ടിലാകെ പരിഭ്രാന്തി പരത്തി. പൊലീസ് പട്രോളിങ് സംഘവും കരടിയെ കണ്ടെന്നു വ്യക്തമാക്കിയതോടെ വനംവവകുപ്പിന്റെ ദ്രുതകർമ സേന രംഗത്തെത്തി പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. കരടിയാണോ മറ്റു ജീവികളാണോ എന്ന സംശയവും ബാക്കി!

ചാത്തന്നൂർ ശീമാട്ടി ജംക്‌ഷൻ, ജെഎസ്എം തുടങ്ങിയ ഭാഗങ്ങളിൽ കരടിയെ കണ്ടെന്നാണു വിവരം. ഇന്നലെ പുലർച്ചെ 2.30നാണ് സംഭവം. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ സുരേഷ്ബാബു, സിപിഒ സതീശ് കുമാറും പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. വരിഞ്ഞത്ത് ശീമാട്ടിയിലേക്കു വരുന്നതിനിടെയാണ് ആദ്യം കരടി മുന്നിൽ പെടുന്നത്.

കുറച്ചു ദൂരം ഓടിയ ശേഷം ഇരുട്ടിൽ മറഞ്ഞു. ഇതിനു കുറച്ച് അകലെ ശീമാട്ടി ജംക്‌ഷനു സമീപത്ത് കാറിൽ സഞ്ചരിച്ച കുടുംബം കരടിയെ കണ്ടതായി പറയുന്നു. ശീമാട്ടിക്കു സമീപം നിന്ന മത്സ്യക്കച്ചവടക്കാരോട് ഇവർ വിവരം പറഞ്ഞു. പൊലീസ് സംഘം സ്റ്റേഷനിൽ എത്തിയ ശേഷം വീണ്ടും ശീമാട്ടിയിലേക്കു വരുമ്പോൾ ജെഎസ്എമ്മിനു സമീപം വച്ച് കരടി വീണ്ടും പൊലീസിനു മുന്നിൽ പെട്ടു. പുരയിടത്തിൽ നിന്നു ദേശീയപാതയിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്ന് ഓടി പുരയിടത്തിൽ മറഞ്ഞു.

ഡ്രോൺ ക്യാമറ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു വനംവകുപ്പിന്റെ പരിശോധന. ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, ഫോറസ്റ്റ് ഓഫിസർ നൗഷാദ്, ദിലീപ് മനോജ്, തുടങ്ങിയവർ നേതൃത്വം നൽകി. നാട്ടിൽ കരടിയെ കണ്ട കാര്യം നേരം പുലർന്നപ്പോൾ കാട്ടുതീ കണക്കെ പരന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശവുമായി ഏതാനും വാർഡുകളിൽ ഉച്ചഭാഷണിയിൽ അറിയിപ്പു നൽകി. വർഷങ്ങൾക്കു മുൻപു പ്രചരിച്ച കടുവയുടെ വിഡിയോ ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ പരന്നു.

ജി.എസ്.ജയലാൽ എംഎൽഎ, പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.സണ്ണി, റവന്യു അധികൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. ഉച്ചയോടെ മീനമ്പലത്തിനു സമീപം കരടിയെ കണ്ടെന്ന അഭ്യൂഹം പാരിപ്പള്ളി പൊലീസിനു ലഭിച്ചെങ്കിലും അന്വേഷണത്തിൽ വ്യാജമെന്നു തെളിഞ്ഞു. പ്രദേശത്ത് പട്രോളിങ് തുടരുമെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ.ജയൻ അറിയിച്ചു. കരടിയുടെ സ്ഥാനം കണ്ടെത്തിയാൽ പെട്ടെന്നു പിടികൂടാൻ കഴിയും.– അദ്ദേഹം പറഞ്ഞു.

"സമയം പുലർച്ചെ 2.30.  വരിഞ്ഞത്ത് നിന്നു ശീമാട്ടിയിലേക്കു വരുകയായിരുന്നു പട്രോളിങ് സംഘം.  പൊലീസ് ജീപ്പിനു മുന്നിൽ പെട്ടെന്ന് ഒരു കറുത്ത ജീവിയെ കണ്ടു. കുറച്ചു ദൂരം അതു ജീപ്പിനു മുന്നിൽ  ഓടി... പിന്നെ ഞൊടിയിടയിൽ ഇരുട്ടിൽ മറഞ്ഞു. എന്തു ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു പോയി. തൊട്ടുപിന്നാലെ ശീമാട്ടി മുസ്‌ലിം പള്ളിയുടെ സമീപം മത്സ്യക്കച്ചവടക്കാർ കൂടി നിൽക്കുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ കാറിൽ സഞ്ചരിച്ച ഒരു കുടുംബം അൽപം മുൻപ് കരടിയെ കണ്ടതായി പറഞ്ഞു.

വേഗം സ്റ്റേഷനിൽ എത്തി ശക്തിയേറിയ ടോർച്ചുമായി ജെഎസ്എം ആശുപത്രിയുടെ സമീപത്തേക്കു മടങ്ങിയെത്തിയപ്പോൾ കരടി സമീപത്തെ പുരയിടത്തിൽ നിന്ന് ദേശീയപാതയിലേക്കു ചാടി തെക്കു വശത്തെ ഇടറോഡിലേക്കു നീങ്ങുന്നു. കറുത്ത രോമങ്ങൾ നിറഞ്ഞ രൂപത്തിനു ഏതാനും അടി നീളമുണ്ട്. കരടി തന്നെയെന്ന് ഇതോടെ ഉറപ്പിച്ചു. ജീപ്പ് ഈ ഭാഗത്തേക്ക് തിരിച്ചപ്പോൾ പൊന്തക്കാടുകൾ നിറഞ്ഞ പുരയിടത്തിൽ മിന്നായം പോലെ മാഞ്ഞു.രണ്ടു തവണയും കരടിയെ കണ്ടപ്പോഴും സിപിഒ സതീശ് കുമാറും ഒപ്പമുണ്ടായിരുന്നു". - വി.ആർ. സുരേഷ് ബാബു , ഗ്രേഡ് എസ്ഐ, ചാത്തന്നൂർ.