ബൈക്ക് മോഷ്ടിച്ച അതേ സ്ഥലത്ത് തിരികെ എത്തിച്ചു; പിന്നിൽ 'പറക്കുംതളിക'

മലയിൻകീഴ് പഞ്ചായത്തിലെ കരിപ്പൂര് നിന്നു മോഷണം പോയ ബൈക്ക് അതേ സ്ഥലത്തു ഒൻപതാം നാൾ തിരിച്ചു കൊണ്ടു വച്ചതിനു പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് പൊന്നെടുത്തകുഴി കോളൂർ മേലെ പുത്തൻ വീട്ടിൽ ജയിൻ വിക്ടർ എന്ന പറക്കുംതളിക ബൈജു (41) ആണെന്നു വിളപ്പിൽ പൊലീസ്.  കുണ്ടമൺഭാഗം ഭദ്രകാളി ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം ബൈജുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്. മാരകായുധങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

വിളവൂർക്കൽ പൊറ്റയിൽ സ്വദേശിയുടെ ബൈക്കാണ് കഴിഞ്ഞ 19ന് ഉച്ചയ്ക്കു പേയാട്– മലയിൻകീഴ് റോഡിൽ കരിപ്പൂര് ജംക്‌ഷനു സമീപത്തു നിന്നും മോഷണം പോയത് . 27ന് ഇതേ സ്ഥലത്തു ബൈക്ക് ‘പ്രത്യക്ഷ’പ്പെട്ടു. നമ്പർ പ്ലേറ്റുകളും ഇളക്കി മാറ്റിയ നിലയിലായിരുന്നു. ബൈക്ക് ഉപയോഗിച്ച് പ്രതി തമിഴ്നാടിന്റെയും കേരളത്തിന്റെയും ഇതര ഭാഗങ്ങളിൽ യാത്ര ചെയ്തു ലഹരി മരുന്നു കച്ചവടം നടത്തി. പിന്തുടരുന്നതായി സൂചന ലഭിച്ചതോടെയാണ് ബൈക്ക് കൊണ്ടുവച്ചതത്രെ. 

കഴിഞ്ഞ ജനുവരിയിൽ വിളപ്പിൽ സ്റ്റേഷൻ പരിധിയിലെ നെടിയ വിളയിൽ യുവാവിനെ തടഞ്ഞു നിർത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബൈജു പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി.  ഒട്ടേറെ കേസുകളിലെ പ്രതിയാണ് ബൈജു. വിളപ്പിൽ ഇൻസ്പെക്ടർ ബി.എസ്.സജിമോൻ, എസ്ഐ വി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.