അട്ടകടിയേറ്റ് ചോര ഒലിച്ചു, നീരുവന്നു; പിൻമാറാതെ രക്ഷാദൗത്യം; പ്രശംസിച്ച് കലക്ടർ

പ്രതികൂലമായ കാലവസ്ഥയെ അതിജീവിച്ചാണ് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രക്ഷാപ്രവർത്തകർക്കൊപ്പം നാട്ടുകാരും ഒരുപോലെ പങ്കുചേർന്നു. ജീവന്റെ ഒരു ശ്വാസമെങ്കിലും ബാക്കിയുണ്ടോയെന്ന് തിരിയാൻ രാവും പകലും ഒപ്പം നിന്നു. അതരത്തിൽ രക്ഷാപ്രവർത്തനത്തിൽ കൂടെ നിന്ന വ്യക്തിയാണ് മൂന്നാറിലെ പഞ്ചായത്ത് സെക്രട്ടറി അജിത്ത്. അജിത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചുള്ള പ്രവർത്തനത്തെ പ്രകീർത്തിച്ച് കുറിപ്പ് എഴുതിയിരിക്കുകയാണ് ഇടുക്കി കലക്ടർ. കലക്ടറുടെ കുറിപ്പ് ഇങ്ങനെ:

ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെട്ടിമുടി മിഷനെ പ്രതികൂലമായി ബാധിക്കുന്നതരത്തിലുള്ള കാലാവസ്ഥയാണുള്ളത്., ദുരന്ത സ്ഥലത്തുനിന്നും കിലോമീറ്ററുകൾ മാറി പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്.., നിബിഡ വനമായതിനാലും വഴുക്കലുള്ള ചരിഞ്ഞ പാറക്കെട്ടുകൾ ഉള്ളതിനാലും ഇത്തരം ഒരു കാലാവസ്ഥയിൽ തിരച്ചിൽ നടത്തുക എന്നത് ഏറെ വെല്ലുവിളികൾ ഉയർത്തുന്നുണ്ട് എങ്കിലും കാണാതായ അവസാനത്തെ ആളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകതന്നെയാണ്.

ആ കാലാവസ്ഥയിൽ ശ്രമകരമായ ഈ ദൗത്യം ഇന്നിനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് രക്ഷാപ്രവർത്തനത്തിന് വന്ന ഒരു ഉദ്യോഗസ്ഥരിൽ ഒരാളെന്നോട് തമാശ രൂപേണ ചോദിച്ചത് "നിങ്ങളുടെ പഞ്ചായത്തു സെക്രട്ടറിക്ക് ക്ഷീണം എന്നൊന്നില്ലേ" യെന്ന്.

ശരിയാണ്.., "അജിത്തേ ഒരു കാര്യം ചെയ്യാനുണ്ട്" എന്താണ് കാര്യം എന്ന് കേൾക്കുന്നതിന് മുൻപ് അതിന് തയ്യാറായി "ചെയ്യാം സാർ" എന്ന് പറയണമെങ്കിൽ അത് നമ്മുടെ മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ D.R അജിത് കുമാർ ആയിരിക്കും..,

പരിചയപ്പെട്ട അന്നു മുതൽ, മൂന്നാറിലെ പല വികസന പദ്ധതികളും നടപ്പാക്കുന്നതിൽ അജിത്തിന്റെ പ്രവർത്തനം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.., കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മൂന്നാർ പഞ്ചായത്തു നടത്തിയിട്ടുള്ള കൃത്യമായ ഇടപെടലുകളാണ് ഒരു പരിധിവരെ മൂന്നാറിൽ കോവിഡ് 19 വ്യാപനം തടയാൻ ഏറെ സഹായകരമായത്..,

പെട്ടിമുടി ദുരന്തം മൂലം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയ ഒന്നാണ് കഴിഞ്ഞ മൂന്നു വർഷക്കാലമായി മഴക്കാലത്ത് സ്ഥിരമായി വെള്ളം പൊങ്ങുന്ന മൂന്നാർ ടൗണിൽ ഇത്തവണ അതി ശക്തമായ മഴ ലഭിച്ചിട്ടും ആ വെള്ള കയറിയില്ല എന്നത്, റെവന്യൂ - പഞ്ചായത്ത് വകുപ്പുകൾ മൂന്നു മാസങ്ങൾക്ക് മുൻപ് പ്രളയത്തെ നേരിടാൻ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണത്.

അജിത്തിനെപ്പോലെ ഊർജ്ജസ്വലനായ ഒരുദ്യോഗസ്ഥന്റെ സേവനം നമുക്ക് ഏറെ പ്രയോചനപ്പെട്ടത് പെട്ടിമുടി ദുരന്തഭൂമിയിലാണ്. ഏഴാം തീയതി രാവിലെ ആദ്യം പെട്ടിമുടിയിലെത്തിയ രക്ഷാപ്രവർത്തകരിൽ അജിത്തും ഉണ്ടായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നവരിൽ നിന്നും ചെളിയിലേക്കിറങ്ങി മൃതദേഹങ്ങൾ കണ്ടെടുക്കാനും ജീവന്റെ തുടിപ്പുകൾ എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോയെന്നു തിരായനുമുള്ള ശ്രമങ്ങൾ തുടങ്ങിവച്ചത് ഇദ്ദേഹമാണ്.

അന്നുമുതലിന്ന് വരെ എഴുപതോളം വരുന്ന പഞ്ചായത്ത് ജീവനക്കാരുമായി പെട്ടിമുടിയിലെ സജീവ സാന്നിദ്ധ്യമാണ് ഇദ്ദേഹം, രക്ഷാപ്രവർത്തകർക്കുള്ള ആഹാരവും വെള്ളവും മറ്റു സജ്ജീകരണങ്ങളും, വേസ്റ്റ് മാനേജ്മെന്റും അജിത്തിന്റെ മേൽനോട്ടത്തിലാണ് നടന്നു വരുന്നത്.

"ഗ്രാവൽ ബാങ്കിൽ" തിരച്ചിൽ ആരംഭിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി എന്നതിലുപരി പരിശീലനം നേടിയ ഒരു രക്ഷാപ്രവർത്തകനെപ്പോലെയാണ് അദ്ധേഹം തിരച്ചിലിൽ ഏർപ്പെട്ടത്, ഗ്രാവൽ ബാങ്കിലേക്ക് ചെല്ലുമ്പോൾ അട്ടകടിയേറ്റ് ചോരയൊലിപ്പിച്ചു നിൽക്കുന്ന അജിത്തിനെയാണ് പലപ്പോഴും കാണാൻ സാധിച്ചിട്ടുള്ളത്., അട്ടകടിയേറ്റ കാലുകളിൽ നീര് വച്ചതൊന്നും അദ്ധേഹം കാര്യമാക്കിയിരുന്നില്ലായെന്ന് മാത്രമല്ല എല്ലാകാര്യങ്ങളും തന്റെ കൃത്യമായ ഇടപെടലുകൾ ഉറപ്പുവരുത്തുന്നുമുണ്ട്.

അതിരാവിലെ ആറു മണിക്ക് രക്ഷാപ്രവർത്തകർക്കായുള്ള ഭക്ഷണവുമായി പുറപ്പെട്ട് എട്ടു മണിയോട് കൂടി എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്തശേഷം വേസ്റ്റ് മാനേജ്‌മെന്റിലും ഇടപെട്ട് രക്ഷാപ്രവർത്തകരോടൊപ്പം കിലോമീറ്ററുകൾ നടന്നും അല്ലാതെയുമുള്ള തിരച്ചിലിൽ ഏർപ്പെട്ട് മൃതദേഹങ്ങൾ കണ്ടെത്തി തിരികെ എത്തിച്ച് വൈകുന്നേരം പഞ്ചായത്തിലെത്തി അന്നത്തെ പ്രധാനപ്പെട്ട ജോലികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതും ചെയ്ത് രാത്രി ഫോണിൽ വിളിച്ച് അടുത്ത ദിവസത്തെക്കുള്ള തിരച്ചിലിന്റെ പ്ലാനും ചോദിച്ചിട്ടേ അദ്ധേഹം തന്റെ ഒരു ദിവസം അവസാനിപ്പിക്കുകയുള്ളൂ.

"നിങ്ങളുടെ പഞ്ചായത്ത് സെക്രട്ടറിക്ക് ക്ഷീണം എന്നൊന്നില്ലേ...?"

പെട്ടിമുടി എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് പല ആവശ്യങ്ങൾക്കും പഞ്ചായത്തിൽ സ്ഥിരമായി വന്നു പോയിരുന്ന ഒരു കൂട്ടം മനുഷ്യരെ തേടിയാണ് അയാളാ ദുരന്തഭൂമിയിൽ ഓരോ നിമിഷവും ചിലവിടുന്നത്,

തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ, പെട്ടിമുടിയെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തു മെംബറേയും കുടുമ്പമടക്കം അവിടെ അയാൾക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്..

അവരെയെല്ലാം കണ്ടെത്താനുള്ള ശ്രമങ്ങളിൽ ആത്മാർത്ഥതയും കഠിനാധ്വാനവും കൈമുതലയുള്ളൊരു മനുഷ്യന് ക്ഷീണമുണ്ടാവാനിടയില്ല.